സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ച ചെയ്യുകയാണ്; മിണ്ടാതിരിക്കാന്‍ ആവുന്നില്ല; രാഹുലിനെതിരെ കെ ആശ

'പുറത്തുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരും ദിവസങ്ങളിലെ അറിയാന്‍ സാധിക്കൂ. വല്ലാത്ത വിഷമമുണ്ട്'

dot image

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ ഭാര്യ ഡോ. കെ ആശ. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും സ്ത്രീകള്‍ ഭയന്ന് ഇയാളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും കെ ആശ ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും കെ ആശ പ്രതികരിച്ചു. എന്നാല്‍ ഇന്ന് രാവിലെ പങ്കുവെച്ച പോസ്റ്റ് പിന്നീട് ആശ പിന്‍വലിച്ചു.

'ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. പുറത്തുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരും ദിവസങ്ങളിലെ അറിയാന്‍ സാധിക്കൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നില്ല', എന്നായിരുന്നു കെ ആശ ഫേസ്ബുക്കില്‍ കുറിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര, സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. സണ്ണി ജോസഫ് നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെയ്ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായാല്‍ ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടിവരും. ഇന്ന വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: k c venugopal Wife K Asha against Rahul Mamkootathil

dot image
To advertise here,contact us
dot image