അന്ന് ബാത്ത്‌റൂമിലേക്ക് പോകുന്നത് സെറ്റ് മുഴുവൻ അറിയും, ഇന്നുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല; കരീഷ്മ കപൂർ

'ആദ്യമായി എന്നെ മോണിറ്ററില്‍ കാണുന്നത് 'ദില്‍ തോ പാഗല്‍ ഹേ'യിലെ ഡാന്‍സ് ഓഫ് എന്‍വിയുടെ ചിത്രീകരണത്തിനിടെയാണ്. അതിന് മുമ്പ് റോ ഫൂട്ടേജ് കണ്ടിട്ടേയില്ല'

dot image

ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്ന് വെളിത്തിരയിൽ എത്തിയ ആദ്യ പെൺകുട്ടിയാണ് കരിഷ്മ കപൂർ. 1991-ൽ 'പ്രേം ഖൈദി' എന്ന സിനിമയാണ് കരീഷ്മയുടെ ആദ്യ ചിത്രം. ഇന്ന് ബോളിവുഡിലെ താരങ്ങൾക്കുള്ള സൗകര്യങ്ങൾ ഒന്നും തന്നെ കരിഷ്മ കപൂറിന് അന്ന് ഉണ്ടായിരുന്നില്ല. കാരവാൻ, മേക്കപ്പ്മാൻ, സ്റ്റൈലിസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നും കരിയറിന്റെ തുടക്കത്തിൽ നടി അനുഭവിച്ചിട്ടില്ല. വസ്ത്രം മാറാനായി കുറ്റിക്കാട്ടിൽ പോയിട്ടുണ്ടെന്നും വാഷ്‌റൂമിലേക്ക് പോകാനായി കിലോമീറ്ററുകൾ നടന്നിട്ടുണ്ടെന്നും കരീഷ്മ പറഞ്ഞു. കഴിഞ്ഞ വർഷം ലേഡീസ് സ്റ്റഡി ഗ്രൂപ്പ് ഇവന്റിലാണ് കരീഷ്മ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇപ്പോൾ വീണ്ടും ഈ വാർത്ത ശ്രദ്ധ നേടുകയാണ്.

'ഇന്‍ഡസ്ട്രിയില്‍ 32 വര്‍ഷമായി. ഇന്നത്തെ പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെയാണ് ഏറ്റവും പ്രശ്‌നം. റോഡരികിലെ കടകളിൽ കയറി വസ്ത്രം മാറേണ്ടിവരും. ചിലപ്പോൾ അറിയാത്ത ഏതെങ്കിലും വീടിന്റെ വാതിലിൽ മുട്ടും. എന്നിട്ട് വസ്ത്രം മാറും. ഇതൊന്നുമില്ലെങ്കിൽ, കുറ്റിക്കാടിന് പിന്നിൽ പോയി വസ്ത്രം മാറേണ്ടിവരും.

വാഷ്‌റൂമിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ നടക്കണം. അങ്ങനെ പോകുമ്പോൾ മുഴുവൻ യൂണിറ്റും സംഭവം അറിയുകയും ചെയ്യും. 'മാഡം ബാത്ത്‌റൂമിലേക്ക് പോവുകയാണ്' എന്നവർ പിറുപിറുക്കും. അവിടെ നിന്നും ഒരു സെറ്റില്‍ 35 ട്രെയ്‌ലറുകളൊക്കെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയ, കലയുടെ വളര്‍ച്ചയും സൗണ്ട് സിസ്റ്റവുമെല്ലാം കണ്ടു. അവശ്വസനീയമാണിത്.

ഞാന്‍ ആദ്യമായി എന്നെ മോണിറ്ററില്‍ കാണുന്നത് ദില്‍ തോ പാഗല്‍ ഹേയിലെ ഡാന്‍സ് ഓഫ് എന്‍വിയുടെ ചിത്രീകരണത്തിനിടെയാണ്. അതിന് മുമ്പ് റോ ഫൂട്ടേജ് കണ്ടിട്ടേയില്ല. സിനിമ ബിഗ് സ്‌ക്രീനില്‍ റിലീസാകുമ്പോള്‍ മാത്രമാണ് റിസള്‍ട്ട് കണ്ടിരുന്നത്,' കരിഷ്മ കപൂർ പറഞ്ഞു.

Content Highlights: Karisma Kapoor says she had less facilities at the beginning of her career

dot image
To advertise here,contact us
dot image