
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് മറുപടി പറഞ്ഞ ഷാഫി പറമ്പിൽ എംപിയോട് ചോദ്യങ്ങളുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹം രാജിവെച്ചെന്നുമാണ് ഷാഫി ഇന്ന് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് നേരത്തെ രാഹുലിനെതിരെ ആരോപണമുന്നയിച്ച ഹണി ഭാസ്‌കരൻ ഫേസ്ബുക്കിൽ രൂക്ഷ വിമർശനവുമായി എത്തിയത്.
യൂത്ത് കോൺഗ്രസ്സിലെ സ്ത്രീകൾ നേരിട്ട നെറികേടുകളെ കുറിച്ച് ഷാഫിക്ക് നേരിട്ട് പരാതി തരാൻ താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകയല്ലെന്നും യൂത്ത് കോണ്ഗ്രസ്സിന്റെ ഏഴു പരിസരത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുകയുമില്ലെന്നും ഹണി പറയുന്നു. യൂത്ത് കോണ്ഗ്രസ്സിന്റെ അകത്ത് നടന്ന സ്ത്രീ വിഷയങ്ങളിൽ ആ സ്ത്രീകൾ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട് എന്ന് താൻ കൃത്യമായി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹണി ഭാസ്കരന്‍ പറയുന്നു.
എം എ ഷഹനാസ്, തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രജിത് രവീന്ദ്രന് എതിരെ കൊടുത്ത പരാതി, ശോഭ സുബിൻ എന്ന പ്രവർത്തകന് എതിരെ മറ്റൊരു സ്ത്രീ ഷാഫിയോട് ഉന്നയിച്ച പരാതി, രാഹുൽ മാങ്കൂട്ടം പ്രവർത്തകയോട് ചാറ്റിൽ ചെന്ന് ഡൽഹി കർഷക സമര സമയത്ത് 'നമുക്ക് മാത്രായി ഡൽഹിക്കു പോകണം' എന്ന് വഷളത്തരം പറഞ്ഞത് അടക്കം ഷാഫിയോട് ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്ന ഇടമാണ്. അതുകൊണ്ട് ഇത്തരത്തിൽ ഉള്ളവർക്ക് ഇടം നൽകരുത് എന്ന് ഇവരൊക്കെ ഷാഫിയോട് സൂചിപ്പിച്ചിട്ടില്ലേ? എന്നിട്ട് ഷാഫി പറമ്പിൽ ആരെ വളർത്തി? ആരെ തളർത്തി? ആ സ്ത്രീകൾ ഇപ്പൊ ഏത് പൊസിഷനിൽ ഉണ്ട് ഷാഫി? കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാകില്ലെന്നും ഹണി ഭാസ്‌കരൻ പറയുന്നു.
മാധ്യമങ്ങൾക്ക് മുൻപിൽ നിന്ന് മലക്കം മറിഞ്ഞാലും സത്യം സത്യമാവാതെ പോവില്ല. സകല പേരുകളും വിക്ട്ടിംസ് നേരിട്ട് തന്നെ പബ്ലിക്കിൽ പറയണം എന്നോ കേസുമായി തന്നെ മുമ്പോട്ട് പോകണം എന്നോ ട്രോമ അനുഭവിക്കുന്ന മനുഷ്യരെ നിർബന്ധിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം അസംബന്ധമാണ്. അശ്ലീലം ആണ്. എന്നിട്ട് വേണം നിങ്ങളുടെ സൈബർ വിങ്ങിന് വളഞ്ഞിട്ട് കൊത്തി വലിക്കാൻ. തന്നെ ഈ ദിവസങ്ങളിൽ അറ്റാക് ചെയ്തത് പോലെയെന്നും ഹണി കുറിപ്പിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടം എനിക്കെതിരെ പറഞ്ഞ വൃത്തികേടിനെ കുറിച്ചാണെങ്കിൽ നിങ്ങൾക്ക് പരാതി തരുന്നതിലും നല്ലത് പൊട്ടക്കുളത്തിൽ ചാടുന്നതാണെന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പറഞ്ഞ് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അങ്ങനൊരു വിഡ്ഢിത്തം ഞാൻ ചെയ്യുകയില്ല. രാഹുൽ മാങ്കൂട്ടത്തിന് എതിരെ ഇത്രയധികം പരാതികൾ രംഗത്ത് വന്നിട്ടും 'ഇതത്ര ഗൗരവമുള്ള വിഷയം ആണോ' എന്ന് ചോദിക്കുന്ന വഷളത്തരം യൂത്ത് കോൺഗ്രസ്സിന് മാത്രേ പറ്റൂ. കൂടുതൽ വെളുപ്പിക്കാൻ നിൽക്കുമ്പോൾ നിങ്ങളുടെ രാഷ്ട്രീയ മുഖം കൂടുതൽ വൃത്തികേടാവുകയാണെന്നും ഹണി ആരോപിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഷാഫി പറമ്പിൽ പത്രസമ്മേളനത്തിൽ പറയുന്ന മൊഴിമുത്തുകൾ അറിഞ്ഞു.
ഹണി ഭാസ്കരൻ ഷാഫിക്ക് പരാതി തന്നിട്ടില്ല എന്ന്. യൂത്ത് കോൺഗ്രസ്സിലെ സ്ത്രീകൾ അതിൽ നേരിട്ട നെറികേടുകളെ കുറിച്ച് ഷാഫിക്ക് നേരിട്ട് ഞാൻ പരാതി തരാൻ ഞാൻ യൂത്ത് കോണ്ഗ്രസ് പ്രവർത്തകയല്ല. യൂത്ത് കോണ്ഗ്രസ്സിന്റെ ഏഴു പരിസരത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുകയുമില്ല.
മുൻപ് തന്നെ ഞാൻ കൃത്യമായി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട് യൂത്ത് കോണ്ഗ്രസ്സിന്റെ അകത്ത് നടന്ന സ്ത്രീ വിഷയങ്ങളിൽ ആ സ്ത്രീകൾ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട് എന്നാണ്. എം. എ ഷഹനാസ്, തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രജിത് രവീന്ദ്രന് എതിരെ കൊടുത്ത പരാതി, ശോഭ സുബിൻ എന്ന പ്രവർത്തകന് എതിരെ മറ്റൊരു സ്ത്രീ ഷാഫിയോട് ഉന്നയിച്ച പരാതി, രാഹുൽ മാങ്കൂട്ടം പ്രവർത്തകയോട് ചാറ്റിൽ ചെന്ന് ഡൽഹി കർഷക സമര സമയത്ത് " നമുക്ക് മാത്രായി ഡൽഹിക്കു പോകണം" എന്ന് വഷളത്തരം പറഞ്ഞത് അടക്കം ഷാഫിയോട് ഉന്നയിച്ചത്.
യൂത്ത് കോണ്ഗ്രസ് നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്ന ഇടമാണ് അതുകൊണ്ട് ഇത്തരത്തിൽ ഉള്ളവർക്ക് ഇടം നൽകരുത് എന്ന് ഇവരൊക്കെ ഷാഫിയോട് സൂചിപ്പിച്ചിട്ടില്ലേ?
എന്നിട്ട് ഷാഫി പറമ്പിൽ ആരെ വളർത്തി? ആരെ തളർത്തി? ആ സ്ത്രീകൾ ഇപ്പൊ ഏത് പൊസിഷനിൽ ഉണ്ട് ഷാഫി?
കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാകില്ല ഷാഫി.
മാധ്യമങ്ങൾക്ക് മുൻപിൽ നിന്ന് മലക്കം മറിഞ്ഞാലും സത്യം സത്യമാവാതെ പോവില്ല.
സകല പേരുകളും വിക്ട്ടിംസ് നേരിട്ട് തന്നെ പബ്ലിക്കിൽ പറയണം എന്നോ കേസുമായി തന്നെ മുമ്പോട്ട് പോകണം എന്നോ ട്രോമ അനുഭവിക്കുന്ന മനുഷ്യരെ നിർബന്ധിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം അസംബന്ധം ആണ്. അശ്ലീലം ആണ്. എന്നിട്ട് വേണം നിങ്ങളുടെ സൈബർ വിങ്ങിന് വളഞ്ഞിട്ട് കൊത്തി വലിക്കാൻ. എന്നെ ഈ ദിവസങ്ങളിൽ അറ്റാക് ചെയ്തത് പോലെ.
ഇനി അതല്ല യൂത്ത് കോണ്ഗ്രസ്സിന്റെ ഇടയിൽ നിന്ന് തന്നെ തങ്ങളുടെ കാൽച്ചോട്ടിൽ തീയിട്ടത് കൂട്ടത്തിൽ പെട്ട ആരൊക്കെ ആണെന്ന് അറിയാനുള്ള സൈക്കോളജിക്കൽ മൂവ് ആണെങ്കിൽ അത് മനസ്സിലാവുന്നുണ്ട്.
പിന്നെ രാഹുൽ മാങ്കൂട്ടം എനിക്കെതിരെ പറഞ്ഞ വൃത്തികേടിനെ കുറിച്ചാണെങ്കിൽ നിങ്ങൾക്ക് പരാതി തരുന്നതിലും നല്ലത് പൊട്ടക്കുളത്തിൽ ചാടുന്നതാണെന്ന് മേൽപ്പറഞ്ഞ പരാതികൾ നിങ്ങളിൽ എത്തിയപ്പോൾ നിങ്ങൾ എടുത്ത നിലപാടുകളിൽ നിന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായവർ പറഞ്ഞ് ബോധ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് അങ്ങനൊരു വിഡ്ഢിത്തം ഞാൻ ചെയ്യുകയുമില്ല.
രാഹുൽ മാങ്കൂട്ടത്തിന് എതിരെ ഇത്രയധികം പരാതികൾ രംഗത്ത് വന്നിട്ടും "ഇതത്ര ഗൗരവമുള്ള വിഷയം ആണോ" എന്ന് ചോദിക്കുന്ന വഷളത്തരം യൂത്ത് കോൺഗ്രസ്സിന് മാത്രേ പറ്റൂ.
കൂടുതൽ വെളുപ്പിക്കാൻ നിൽക്കുമ്പോൾ നിങ്ങളുടെ രാഷ്ട്രീയ മുഖം കൂടുതൽ വൃത്തികേടാവുന്നു.
ഇപ്പോൾ കൃത്യമായി കാണുമല്ലോ?
രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും ഹണി ഭാസ്‌കരൻ നേരത്തെ പറഞ്ഞിരുന്നു. തന്നോട് ചാറ്റ് ചെയ്യുകയും അത് പ്രോത്സാഹിപ്പിക്കാതിരുന്നപ്പോൾ അത് അശ്ലീലകഥയായി യൂത്ത്കോൺഗ്രസിലെ സുഹൃത്തുക്കളോട് രാഹുൽ പറഞ്ഞുവെന്നും ഹണി ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ പ്രസ്താവനകൾ. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇവിടെ ഒരു എംഎൽഎയ്ക്കെതിരെ കേസ് എടുക്കുകയും ചാർജ്ഷീറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണവിധേയൻ ആ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ആ പാർട്ടിയുടെ നിലപാട്. അങ്ങനെ തീരുമാനമെടുത്തവർക്ക് എങ്ങനെ കോൺഗ്രസ് എംഎൽഎയുടെ രാജി ആവശ്യപ്പെടാൻ സാധിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.
Content Highlights: Honey Bhaskaran Against Shafi Parambil on Rahul Mamkootathil issue