ചൂടുകാലത്ത് വാഹനങ്ങൾ തീപിടിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ബഹ്റൈൻ സിവിൽ ഡിഫൻസ് വിഭാ​ഗം

വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം നിര്‍ദേശിച്ചു

dot image

ബഹ്റൈനില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് വിഭാഗം. തീപിടുത്തിന് കാരണമാകുന്ന സാധനങ്ങള്‍ വാഹനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഡിഫൻസ് വിഭാ​ഗം പൊതുജനങ്ങളോട് നിര്‍ദേശിച്ചു. ജനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി.

രാജ്യത്ത് വേനല്‍ക്കാലം ആരംഭിച്ചതിന് ശേഷം ഈ വര്‍ഷം ഇതുവരെ 800 വാഹനങ്ങളില്‍ തീപിടിച്ചതായാണ് കണക്കുകൾ. അന്തരീക്ഷ താപം ഉയര്‍ന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ പെര്‍ഫ്യൂം, പെട്രോളിയം, ആള്‍ക്കഹോള്‍ തുടങ്ങിയവ അടങ്ങിയ വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉയര്‍ന്ന താപനിലയില്‍ ഇവ വികസിക്കുകയും ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യും. ഇത് സ്‌ഫോടനത്തിന് കാരണമാവുകയും തീപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്യും.

വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം നിര്‍ദേശിച്ചു. വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം അശ്രദ്ധയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണെന്നാണ് കണ്ടെത്തല്‍. ഇലക്ട്രിക്കല്‍ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. കേടായ ഭാഗങ്ങള്‍ മാറ്റുകയും എന്‍ജിനില്‍ ഉണ്ടാകുന്ന ചോര്‍ച്ചകള്‍ തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

എന്‍ജിന്‍ ഭാഗത്തു നിന്നോ മറ്റ് ഭാഗങ്ങളില്‍ നിന്നോ ഉണ്ടാകുന്ന ഇന്ധന ചോര്‍ച്ചയും വാഹനങ്ങള്‍ അമിതമായി ചൂടാകുന്നതും ഒരുമിച്ച് വരുമ്പോഴാണ് പലപ്പോഴും തീപിടിത്തം ഉണ്ടാകുന്നത്. വാഹനം ഓടിക്കുമ്പോള്‍ തീപിടിത്തമുണ്ടായാല്‍, ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിര്‍ത്തണം. എന്‍ജിന്‍ ഓഫ് ചെയ്ത് വാഹനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങുകയും വേണം. തീപിടിത്തം എന്‍ജിനില്‍ മാത്രമാണെങ്കില്‍, ബോണറ്റ് ഉയര്‍ത്താതെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നതിനും അവസരമുണ്ട്.

Content Highlights: Bahrain's Summer Heat and Recent Floods Raise Concerns of Vehicle Fires

dot image
To advertise here,contact us
dot image