
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, പുതിയ ചിത്രം ‘കാട്ടാളൻ’ സിനിമയ്ക്ക് തിരിതെളിഞ്ഞു. നവാഗതനായ പോൾ ജോർജ്ജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജാ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് തുടക്കമായത്.
'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് അതിഥികളെ വരവേൽക്കാനായി സദസ്സിന്‍റെ കവാടത്തിൽ നിലയുറപ്പിച്ചത്. 'കാട്ടാളൻ' സിനിമയുടെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ആന ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. ചടങ്ങിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, കബീർ ദുൽഹൻ, ഐ എം വിജയൻ, ആൻ്റണി പേപ്പെ, ഹനീഫ് അധേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Kattalan pooja happenend yesterday