
പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ പത്തനംതിട്ടയിലെ വീട്ടിലാണ് രാഹുലുള്ളത്. വീട്ടില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നതല്ലാതെ പാര്‍ട്ടിയിലും പൊലീസിലും ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം. മാത്രവുമല്ല, സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ ആരോപണമുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തന്നെ നേരത്തെ സമാന ആരോപണം വന്നപ്പോള്‍ രാജിവെച്ചില്ലല്ലോയെന്നാണ് രാഹുല്‍പക്ഷത്തിന്റെയും വാദം. അതുകൊണ്ട് കീഴ്‌വഴക്കമല്ലാത്തതിനാല്‍ രാഹുല്‍ രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും വന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുലെന്നും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞിരുന്നു.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Content Highlights: Rahul Mamkoottathil says he will not resign from MLA post