
പാലക്കാട്: പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം പുറത്തറിയിച്ച വ്യക്തിയെ കണ്ടെത്തി. മുതലമട സ്വദേശിയായ തിരുനാവക്കരസിനെയാണ് കണ്ടെത്തിയത്. വെളളയ്യനെ പൂട്ടിയിട്ട ഫാംസ്റ്റേ ഉടമയെ പേടിച്ച് ഒളിവില്‍ പോയതാണ് എന്നായിരുന്നു തിരുനാവക്കരസിന്റെ മൊഴി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന തിരുനാവക്കരസിന്റെ വീഡിയോ സന്ദേശം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ആദിവാസി നേതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുതലമടയില്‍ നിന്നുതന്നെ ഇയാളെ കണ്ടെത്തുകയായിരുന്നു.
ആറ് ദിവസമാണ് വെളളയ്യൻ എന്ന ആദിവാസി യുവാവിനെ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. ഊര്‍ക്കളം വനമേഖലയിലുള്ള ഫാംസ്റ്റേ ഉടമയാണ് വെള്ളയ്യനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദിച്ചത്. ആറ് ദിവസത്തോളം മുറിയില്‍ കിടന്ന ഇയാളെ ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പര്‍ കല്‍പനാദേവിയുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. തേങ്ങ പെറുക്കുന്നതിനായി ആയിരുന്നു ഫാംസ്റ്റേയുടെ പരിസരത്തേക്ക് വെള്ളയൻ പോയത്. തേങ്ങ പെറുക്കുന്നതിനിടെ അവിടെ കണ്ട മദ്യക്കുപ്പിയില്‍ നിന്ന് മദ്യം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാംസ്‌റ്റേ വെള്ളയനെ പിടിച്ച് പൂട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
Content Highlights: Tribal man beaten up in Muthalamada: The person who leaked the information has been identified