
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. രാഹുല്‍ രാജിവച്ചത് എന്തിനാണെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായ പ്രതിസന്ധി അല്ല. ധാര്‍മിക പ്രശ്‌നമാണുള്ളതെന്നും ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. രാഹുലിനെ പാര്‍ട്ടി പുറത്താക്കിയതല്ലെന്നും രാജിവച്ചതാണെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.
'ട്രാന്‍സ്‌ജെന്‍ഡര്‍ എന്നല്ല, ഒരാളുടെയും പരാതി എനിക്ക് കിട്ടിയിട്ടില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് അയാള്‍', ദീപാദാസ് മുന്‍ഷി പറഞ്ഞു. ഇടതുപക്ഷത്തിന് ഇക്കാര്യം ആവശ്യപ്പെടാന്‍ ധാര്‍മികതയില്ലെന്നും അവരുടെ നേതാക്കള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നപ്പോള്‍ ആരും രാജിവച്ചു കണ്ടില്ലെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പിടിവലി നടക്കുകയാണ്. അബിന്‍ വര്‍ക്കിക്കായ് 30 യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും കെ എം അഭിജിത്തിനായി എ വിഭാഗവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. മാത്രവുമല്ല, രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നതയും രൂക്ഷമായിരിക്കുകയാണ്. രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ അധിക്ഷേപം നടക്കുന്നുവെന്നാണ് വിവരം. അബിന്‍ വര്‍ക്കി, ആര്‍ വി സ്‌നേഹ, ദുല്‍ഖിഫില്‍ തുടങ്ങിയവരെ രാഹുല്‍പക്ഷം ലക്ഷ്യം വെക്കുകയാണെന്നും സ്ത്രീപക്ഷ നിലപാടെടുത്തവര്‍ ഒറ്റുകാരെന്നുമാണ് രാഹുല്‍ പക്ഷത്തിന്റെ ആക്ഷേപം.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Content Highlights: Deepa Das Munshi says Rahul mamkoottathil should not resignation from MLA post