'അബിൻ വർക്കി അധ്യക്ഷനാകണം'; 30 യൂത്ത് കോൺഗ്രസ് ഭാരവാഹികളും 3 ജില്ലാ അധ്യക്ഷന്മാരും രാഹുൽ ഗാന്ധിക്ക് കത്തയച്ചു

ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറയുന്നു

dot image

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന്‍ നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി സമ്മർദം ശക്തം. യൂത്ത് കോണ്‍ഗ്രസിലെ മൂന്ന് ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സമുദായ സന്തുലിതത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരെ അധ്യക്ഷനായി പരിഗണിക്കരുതെന്നാണ് ആവശ്യം. ദേശീയ സെക്രട്ടറി പദവിയില്‍ ഒരു മാസം പോലും പിന്നിടാത്ത നേതാവിനെ എങ്ങനെ സംസ്ഥാന അധ്യക്ഷനാക്കുമെന്ന് ചോദിച്ച് ഒരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.

എന്നാൽ കെ എം അഭിജിത്തിനായി എ വിഭാഗവും കത്തയച്ചിട്ടുണ്ട്. അഭിജിത്തിനെ സംസ്ഥാന അധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് നാല് എം പി മാരാണ് കത്തയച്ചത്.

മാത്രവുമല്ല, രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ അധിക്ഷേപം നടക്കുന്നുവെന്നാണ് വിവരം. അബിന്‍ വര്‍ക്കി, ആര്‍ വി സ്‌നേഹ, ദുല്‍ഖിഫില്‍ തുടങ്ങിയവരെ രാഹുല്‍പക്ഷം ലക്ഷ്യം വെക്കുകയാണെന്നും സ്ത്രീപക്ഷ നിലപാടെടുത്തവര്‍ ഒറ്റുകാരെന്നുമാണ് രാഹുല്‍ പക്ഷത്തിന്റെ ആക്ഷേപം.

Abin Varkey
അബിൻ വർക്കി

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വടകര എംപി ഷാഫി പറമ്പില്‍ എംപിക്കുമെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടും വി ഡി സതീശന്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രധാന ആരോപണം. ആരോപണങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങളായിട്ടും രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് മൂന്ന് ദിവസമായിട്ടും ഷാഫി പറമ്പില്‍ പ്രതികരിക്കാത്തതിലും പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ ഇന്ന് കേരളത്തിൽ തിരിച്ചെത്തിയ ഷാഫി പറമ്പിൽ ഇന്ന് മാധ്യമങ്ങളെ കാണും.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights: Youth Congress leaders letter to Rahul Gandhi for Abin Varkey in state president post

dot image
To advertise here,contact us
dot image