
കൊച്ചി: ലയണൽ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയിൽ നടന്ന കൊണ്ടുപിടിച്ച പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു. മെസി ഉൾപ്പെടുന്ന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് അർജൻ്റീന അസോസിയേഷൻ്റെ പ്രഖ്യാപനം വന്നിരിക്കുകയാണ്. നവംബർ 10 നും 18നും ഇടയിലുള്ള തീയതികളിൽ മെസി അടങ്ങുന്ന അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.
2024 സെപ്റ്റംബർ ഇരുപത്തിനാലിനാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തർ ലോകകപ്പിൻ്റെ സമയത്ത് തങ്ങൾക്കായി ആർത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അർജൻ്റീനയുടെ ദേശീയ ടീം കേരളത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ മീറ്റിംഗിലൂടെ വിശദമായ ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു. അർജൻ്റീന ദേശീയ ടീമിൻ്റെ ഇൻ്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികളായിരുന്നു ആ ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജൻ്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഈ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും മന്ത്രി അറിയിച്ചിരുന്നു.
ലയണൽ മെസി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അർജൻ്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.
വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സര്‍ ആയി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബര്‍ 20ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടു.
എന്നാൽ 2025 മെയ് മാസത്തോടെ മെസി ഉൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയിരുന്നു. ഫിഫ പുറത്ത് വിട്ട ഫുട്ബോൾ വിൻഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ ആ ഘട്ടത്തിൽ പ്രതികരിച്ചിരുന്നു. 'മെസി വരില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവർക്ക് മറ്റ് രാജ്യങ്ങളിൽ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. അതിനിടയിൽ, പച്ചാളം ഭാസി വന്നു, ചതിച്ചുവെന്ന നിലയ്ക്ക് വാർത്തകൊടുക്കരുത്. ഇതിന് പിന്നിലെ പ്രയത്‌നത്തെ ഇല്ലാതാക്കരുതെന്നും ആൻ്റോ അഗസ്റ്റിൻ അഭ്യർത്ഥിച്ചിരുന്നു.
'അർജൻ്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ എതിർ ടീമായി റാങ്കിംഗ് അൻപതിന് താഴെയുള്ള ടീമിനെ കൂടി കൊണ്ടുവരേണ്ടതുണ്ട്. അവരുമായും ചർച്ച നടക്കുകയാണ്. സർക്കാരും റിപ്പോർട്ടറും ചെയ്യേണ്ട കാര്യങ്ങൾ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിൽ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാൽ ഒന്നും ചെയ്യാനാകില്ല. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. മെസി വന്നാൽ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാൽ മെസി വരില്ലെന്ന് പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. ദുഷ്ടലാക്കോടെ പ്രവർത്തിക്കരുതെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.
ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേയ്ക്ക് എത്തുമെന്ന് 2025 ജൂൺ ആറിനാണ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഔദ്യോഗികമായി അറിയിച്ചത്. മെസി വരും ട്ടാ..! എന്ന കായിക വകുപ്പ് മന്ത്രിയുടെ ആ ഘട്ടത്തിലെ പ്രതികരണം വൈറലായിരുന്നു. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാൻ പരിശ്രമിച്ച റിപ്പോർട്ടർ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഈ മാസം ആദ്യം മെസിയും സംഘവും കേരളത്തിൽ എത്തില്ലെന്ന നിലയിൽ ഒരു വിഭാഗം മാധ്യമങ്ങൾ വീണ്ടും പ്രചരിപ്പിച്ചിരുന്നു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചുവെന്ന നിലയിലായിരുന്നു ഈ പ്രചാരണം. എന്നാൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഈ പ്രചാരണം തള്ളി
രംഗത്തെത്തിയിരുന്നു. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം ഇല്ലാത്ത കേരളത്തിൽ മെസി എങ്ങനെ കളിക്കുമെന്നായിരുന്നു അജണ്ട നിശ്ചയിച്ച് ചില വിശകലന വിദഗ്ധർ ഈ ഘട്ടത്തിൽ പ്രതികരിച്ചത്. മെസി എത്തുമെന്ന് സർക്കാരും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും കളവ് പ്രചരിച്ചുവെന്ന നിലയിൽ ഒരു വിഭാഗം മാധ്യമങ്ങൾ ഈ ഘട്ടത്തിൽ വീണ്ടും പ്രചാരണം നടത്തുകയായിരുന്നു.
മെസിയും സംഘവും കേരളത്തിലേയ്ക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങളോട് ആ ഘട്ടത്തിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കൃത്യമായി പ്രതികരിച്ചിരുന്നു. വാർത്താ സമ്മേളനം വിളിച്ചാണ് കമ്പനി എം ഡിയും റിപ്പോർട്ടർ ടി വി മാനേജിംഗ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിൻ വ്യക്തത വരുത്തിയത്. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ? അവർ കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കട്ടെ എന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കിയത് റിപ്പോർട്ടർ ടിവി എഗ്രിമെന്റ് വെച്ച കാലം മുതൽ മെസി വരില്ലെന്നാണ് പറയുന്നത്. നമ്മൾ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണം. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിൻ ചൂണ്ടിക്കാണിച്ചിരുന്നു. മെസിയെ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. അതിനുള്ള കാര്യങ്ങൾ ചെയ്യുമെന്നും ആൻ്റോ അഗസ്റ്റിൻ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഈ ഘട്ടത്തിൽ ഉറപ്പ് നൽകിയിരുന്നു. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ്റെ പ്രസിഡന്റും സെക്രട്ടറിയുമായി അർജൻ്റീന ടീം കേരളത്തിൽ എത്തുന്നതുമായി ബന്ധപ്പെട്ട് എഗ്രിമെന്റ് വെച്ചിരുന്നെന്നും ആ എഗ്രിമെൻ്റുമായി ബന്ധപ്പെട്ട് ടീം എപ്പോൾ കേരളത്തിൽ എത്തുമെന്ന് സംബന്ധിച്ച അന്തിമ അറിയിപ്പ് അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ നൽകിയിട്ടില്ലെന്നും ആൻ്റോ അഗസ്റ്റിൻ ചൂണ്ടിക്കാണിച്ചിരുന്നു. എഎഫ്എയുടെ നിലപാട് എന്താണെന്ന് നോക്കിയതിന് ശേഷം ഭാവി നിലപാടുകൾ വ്യക്തമാക്കാമെന്നും ആൻ്റോ അഗസ്റ്റിൻ അറിയിച്ചിരുന്നു.
ഒടുവിൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാർ പ്രകാരം മെസി അടങ്ങുന്ന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇനി കേരളത്തെ കാത്തിരിക്കുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത കാൽപന്ത് കളിയുടെ ആവേശാരവങ്ങളാണ്.
Content Highlights: Lionel Messi and Argentina football team will visit Kerala