
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടി അൻസിബ ഹസൻ.
സിനിമ അടുത്ത മാസം ആരംഭിക്കുമെന്ന് അൻസിബ പറഞ്ഞു. ദൃശ്യം വരുമ്പോൾ മാത്രം പ്രശസ്തയാകുന്ന നടിയാണ് താനെന്ന തരത്തിലെ ട്രോളുകൾ കാണാറുണ്ടെന്നും എന്നാൽ അതിൽ വിഷമം ഇല്ലെന്നും നടി പറഞ്ഞു. താൻ എന്തെങ്കിലും ഒരു സിനിമ ചെയ്തല്ല പ്രശസ്ത ആയതെന്നും, ചെയ്തിരിക്കുന്നത് ദൃശ്യം എന്ന ബ്രാൻഡ് ചിത്രമാണെന്നും അൻസിബ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദൃശ്യം 3 അടുത്ത മാസം ചിത്രീകരണം തുടങ്ങും. അതിന്റെ ഡേറ്റും കാര്യങ്ങളും എല്ലാം ലഭിച്ചു. വളരെ സന്തോഷം ഉണ്ട് ആ സിനിമ ആരംഭിക്കുന്നതിൽ. എന്നെ ചിലർ കളിയാകുന്നതും ട്രോളും എല്ലാം ഞാൻ കാണാറുണ്ട്. ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക, പെൺകുട്ടി എന്നെല്ലാം പറഞ്ഞു കൊണ്ട്. ട്രോളുകൾ എനിക്ക് അയച്ചു തരാറുണ്ട് ആളുകൾ.
ആളുകൾ എന്റെ ഏറ്റവും അധികം കണ്ട ചിത്രം അതാണ്. ഞാൻ ഒരുപാട് സിനിമ വേറെ ചെയ്തിട്ടുണ്ടെകിലും അവർ അത് കണ്ടിട്ടില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല. പക്ഷെ അവർ എന്നെ അങ്ങനെ ഓർക്കുന്നുണ്ടല്ലോ എന്ന സന്തോഷം ഉണ്ട്. കെ ജി എഫിൽ യാഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ആരെയെങ്കിലും പത്ത് പേരെ തല്ലി ഡോൺ ആയതല്ല ഞാൻ ഞാൻ തല്ലിയ പത്ത് പേരും ഡോൺ ആയിരുന്നുവെന്ന് പറഞ്ഞ പോലെ ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല ഞാൻ. ഞാൻ ചെയ്ത സിനിമ ദൃശ്യം എന്ന ബ്രാൻഡ് ആണെന്ന് പറയുന്നതിൽ അഭിമാനം ഉണ്ട്,' അൻസിബ ഹസൻ പറഞ്ഞു. ഫാമിലി ഓഡിയൻസിന് വേണ്ടിയുള്ള സിനിമയാണ് ദൃശ്യം 3 എന്നും അൻസിബ കൂട്ടിച്ചേർത്തു.
Content Highlights: Ansiba Hassan gives an update on the movie Drishyam 3