സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു

dot image

ഹൈദരാബാദ്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ റെഡ്ഡിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും തെലങ്കാനയിലെ കർഷക കലാപത്തിലും പങ്കെടുത്ത എസ് വെങ്കട്രാമി റെഡ്ഡിയുടെ മകനാണ്. കർണൂലിലെ മുനിസിപ്പൽ ഹൈസ്കൂളിലും കോൾസ് മെമ്മോറിയൽ ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1964-ൽ കർണൂലിലെ ഉസ്മാനിയ കോളേജിൽ നിന്ന് ബിഎ ഹിസ്റ്ററിയിൽ ബിരുദവും 1967-ൽ ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും നേടി.

15-ാം വയസ്സിൽ, കർണൂലിലെ സ്കൂളുകളിൽ ബ്ലാക്ക്ബോർഡ്, ചോക്ക്, പുസ്തകങ്ങൾ എന്നിവ ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ സുധാകർ റെഡ്ഡി നേതൃപരമായ പങ്കുവഹിച്ചു. ഈ പ്രക്ഷോഭം വിജയകരമാവുകയും കർണൂലിലെ മറ്റ് സ്കൂളുകളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തിരുന്നു.

1960-ൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എഐവൈഎസ്എഫ്) കർണൂൽ ഘടകത്തിൽ ചേർന്നു. 1966-ൽ എഐവൈഎസ്എഫിന്റെ ജനറൽ സെക്രട്ടറിയായും 1970-ൽ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1971-ൽ സിപിഐയുടെ ദേശീയ കൗൺസിലിൽ അംഗമായി. 1974-ൽ ആന്ധ്രാപ്രദേശ് സംസ്ഥാന ഘടകത്തിൽ വിവിധ പദവികൾ വഹിച്ചു. 1998-ൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൗൺസിലിന്റെ സെക്രട്ടറിയായി. 2007-ൽ സിപിഐയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി. 2012 മുതൽ 2019 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

1998-ലും 2004-ലും തെലങ്കാനയിലെ നൽഗൊണ്ട മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്റിൽ തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2004-ൽ പാർലമെന്ററി കമ്മിറ്റി ഓൺ ലേബറിന്റെ ചെയർമാനായി. അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾക്കായുള്ള ശുപാർശകൾ മുന്നോട്ടുവെച്ചു. അവയിൽ ചിലത് സർക്കാർ നടപ്പാക്കുകയും ചെയ്തിരുന്നു.

2000-ൽ ആന്ധ്രപ്രദേശിൽ വൈദ്യുതി നിരക്ക് വർധനവിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ നേതൃത്വം വഹിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം ഹ്രസ്വകാല തടവ് അനുഭവിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണം, കാർഷിക മേഖലയുടെ ശാക്തീകരണം എന്നിവയ്ക്കായി നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഡോ. ബി.വി. വിജയലക്ഷ്മിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Content Highlights: Veteran CPI Leader Suravaram Sudhakar Reddy Passes Away at 83

dot image
To advertise here,contact us
dot image