
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റേതെന്ന നിലയിൽ വാട്സാപ്പ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചതിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റേതായി പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകളുടെ മാതൃകയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ തയ്യാറാക്കിയ വ്യാജ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടാണ് ഷാഹുൽ ഹമീദ് എന്ന വ്യക്തി തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഷെരീഫ് കെ പിയാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നൽകിയത്. വ്യാജമായി ഉണ്ടാക്കിയ ഈ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇയാൾ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് പൊതുജനത്തിനിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തന്നെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ പരിശോധിക്കപ്പെടാതെ പോയാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് അടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എത്രയും വേഗം നിയമപരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
Content Highlights: Shareef KP a man registered complaint against a Facebook post defaming CM Kerala