
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ. കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. അധികാരത്തിൻ്റെ പ്രിവിലേജുകളും തൻ്റെ ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്പോൾ അത് കുറച്ചു കൂടി ഗൗരവമുള്ള തെറ്റാണെന്നും തൻ്റെ മേൽക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വൽ പ്ലഷർ നേടാനാണ് അയാൾ ശ്രമിക്കുന്നതെന്നും അനു കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ നേതൃത്വത്തിന് നിരവധി പരാതികൾ കിട്ടിയ ഒരാൾ നിർബാധം അവിടെ തുടർന്നു. സഹജീവികൾ ഇത് അറിയാതിരിക്കുമോയെന്നും അവർ ചോദിച്ചു. അതാണ് ആണധികാരത്തിനു കിട്ടുന്ന പ്രിവിലേജ്. അതാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ആണിൻ്റെയോ പെണ്ണിൻ്റെയോ ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെ വിഷയമല്ല ഇത്. ഇതിനെ എല്ലായിപ്പോഴുമെന്ന പോലെ രാഷ്ട്രീയ പ്രതികാരം എന്ന മട്ടിൽ ചർച്ച ചിതറിക്കുന്നു. മറ്റേ പാർട്ടിയുടെ തീവ്രതയുമായി ഉരച്ചു നോക്കി സ്ത്രീവിരുദ്ധത നോർമലൈസ് ചെയ്യുന്നു. പരാതിയുമായി വരുന്ന സ്ത്രീകളുടെ നേർക്കുള്ള കടുത്ത അബ്യൂസുകൾ ആവർത്തിക്കുന്നു. ശീലിച്ചു പോന്ന വൃത്തികെട്ട ആണൂറ്റത്തിന് ഒരു ഇടിവും മാറ്റവുമുണ്ടാവില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നുവെന്നും അനു കൂട്ടിച്ചേർത്തു.
അനു പാപ്പച്ചന്റെ ഫേസ്ബുക്ക് കുറിപ്പ്
രാഹുലിന് ആരെ വേണമെങ്കിലും,
എത്ര പേരെ വേണമെങ്കിലും പ്രേമിക്കാം. .പരസ്പരം സമ്മതമാണെങ്കിൽ ഏതു ബന്ധത്തിൽ വേണമെങ്കിലും ഏർപ്പെടാം. അങ്ങനെ പാടില്ല എന്നത് നമ്മുടെ മൊറാലിറ്റിയുടെ ഭാഗമാണ്. നിങ്ങൾക്ക് സിംഗിളായോ ഡബിളായോ, ഒരാൾക്കൊരാൾ, ,ഒരാൾക്കൊരുപാടു പേർ എന്ന നിലയിലൊക്കെ കഴിയാൻ പറ്റും.
നിങ്ങൾ അതിൽ നിങ്ങളുടെ നിലപാട് വ്യക്തമാക്കണം എന്നു മാത്രം. ഒന്നില്ലെങ്കിൽ ഒരു കാസിനോവ അല്ലെങ്കിൽ ഋശ്യശൃംഗൻ എന്നീ മട്ടുകൾ ഒക്കെ എത്ര കണ്ടിട്ടുണ്ട്. അതൊക്കെ പേഴ്സണൽ .
എന്നാൽ
കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണ്. കല്യാണം കഴിക്കുമെന്ന് വിചാരിച്ച് ലൈംഗിക ബന്ധം സമ്മതിക്കുന്ന ഇരകൾ ഓടിചെന്നു കൊടുത്തിട്ടല്ലേ ഈ പ്രശ്നം എന്ന വ്യാഖ്യാനങ്ങൾ വരുന്നുണ്ട്.
സ്ത്രീയുടെ തെറ്റാണ് ലോകത്തിലെ മുഴുവൻ കുഴപ്പങ്ങളുടെയും കാരണം എന്നു വിധിയെഴുതുന്ന പരമ്പാരഗതമ്മാവാന്മാരുടെയും അമ്മായിമാരുടെയും സീരിയലുകൾ ഇപ്പോഴും സൂപ്പർ ഹിറ്റാണല്ലോ.
2020ൽ അധികാരത്തിലെത്തിയിട്ടില്ല രാഹുൽ. നേരത്തേ തന്നെ തുടരുന്ന സമീപനം (ആണത്തത്തിൻ്റെ )who Cares എന്നതു തന്നെയാണ്. എന്നാൽ പിന്നിട് അധികാരത്തിൻ്റെ പ്രിവിലേജുകളും തൻ്റെ ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്പോൾ അത് കുറച്ചു കൂടി ഗൗരവമുള്ള തെറ്റായി. തൻ്റെ മേൽക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വൽ പ്ലഷർ നേടാനാണ് അയാൾ ശ്രമിക്കുന്നത്.
ചിലർ പറയുന്നത് കേട്ടു.കല്യാണം കഴിച്ചാൽ ഈ സൂക്കേട് മാറുമെന്ന്!! അതായത് കുടുംബത്ത് കൊണ്ടുവന്ന പെണ്ണിൻ്റെ മേൽ ആധിപത്യം ഓക്കെയാണ്.. അവൾ സഹിച്ചോട്ടെ. വേറെ പെണ്ണുങ്ങൾ സഹിക്കേണ്ടന്ന്. ഇജ്ജാതി നിർദ്ദേശങ്ങൾ വക്കുന്നവർ കുടുംബത്ത് ഇതൊക്കെ തന്നെയാണ് തുടർന്നു കൊണ്ടിരിക്കുന്നത്. അതവിടെ നില്ക്കട്ടെ.
രാഹുലിൻ്റെ നേർക്ക് ഇവിടെ സദാചാരികൾ ഉന്നയിക്കുന്ന ലൈംഗിക ആക്ഷേപങ്ങളും ട്രോളുകളും പരിഹാസങ്ങളും ചവറ്റുകൊട്ടയിൽ പോകും. പരാതി ഉന്നയിക്കുന്ന സ്ത്രീകളുടെ നേർക്ക് ഉന്നയിക്കപ്പെടുന്ന അതേ മോറൽ പൊലിസിങ്ങിൻ്റെ മറ്റൊരു വശമാണതും.
അതല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അധികാരത്തിൻ്റെയും തൻ്റെ സാമൂഹിക മേൽക്കോയ്മയുടെയും പിന്തുണയോടെ ,അടിച്ചമർത്തി തൻ്റെ ഉദ്ദിഷ്ട കാര്യം സാധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. അത് ഫിസിക്കലി മാത്രമൊന്നുമല്ല, ഇമോഷണലായും, മെൻറലായും അധികാരത്തിനും പ്രിവിലേജിനും താഴെ നില്ക്കുന്ന സ്ത്രീയെ തകർത്തു കളയുന്നത് സാമൂഹിക വിരുദ്ധമാണ്. അധികാരത്തിൻ്റെ പിൻബലത്തിൽ സ്വന്തമാക്കുന്ന കൺസെൻ്റ് നൈതികമല്ല.
എപ്പോഴാണ് രാഹുൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവക്കാൻ നിർബന്ധിതനായത്?
സകലമാന മാധ്യമങ്ങളും വലിച്ചു കീറി തുടങ്ങുമ്പോൾ.
വിരോധാഭാസം എന്തെന്നു വച്ചാൽ
രാഹുലിനെ രാഷ്ട്രീയ കേരളത്തിൽ പ്രതിഷ്ഠിക്കാൻ വേണ്ടതിലധികം മൂലധനം കൊടുത്തതും ഇപ്പോൾ രാഹുലിനെതിരെ അറഞ്ചം പുറഞ്ചം വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾ തന്നെയാണ്. രാഹുലിനെ ഏറ്റം അധികം ആഘോഷിച്ചതും വളർത്തിയതും മീഡിയ തന്നെയാണ്.
രാഹുലിനെ ജനങ്ങൾ കണ്ടതും പ്രതിഛായ ഉണ്ടാക്കിയതും മീഡിയയിൽ തന്നെ
അതെങ്ങനെയായിരുന്നു?
ഒരു രാഷ്ട്രീയ ഇടം ഉണ്ടാക്കുന്നതിന് നിരവധി പ്രക്രിയകളുണ്ട്.
പക്ഷേ രാഹുലിൻ്റെ വിസിബിലിറ്റി രൂപപ്പെടുത്തിയ ഓരോ വാർത്തയും ശ്രദ്ധിച്ചു നോക്കിയാലറിയാം. രാഹുലിൻ്റെതായി വൈറലായ വാഗോദ്ധരണികൾ ഓർത്തു നോക്കിയാലറിയാം. ഇതാണ് നവ ശബ്ദം / നവ ഊർജം എന്ന മട്ടിൽ ആഘോഷിക്കപ്പെട്ടപ്പോൾ ഇതോ, ഇങ്ങനെയോ എന്ന് സംശയങ്ങൾ ഉണ്ടായവർ പോലും
പാർട്ടിയേക്കാൾ വേഗം വളരുന്ന സ്റ്റാറുകൾക്കിടയിൽ നിശബ്ദരായി.
ഭേദപ്പെട്ട സംഘടനാ പ്രവർത്തനം നടത്തുകയും അടിത്തട്ടിൽ പണിയെടുക്കയും ചെയ്ത പലരും അരികുവല്കരിക്കപ്പെട്ടു.
എന്നാൽ
നേരത്തെ തന്നെ നേതൃത്വത്തിന് നിരവധി പരാതികൾ കിട്ടിയ ഒരാൾ നിർബാധം തുടർന്നു. ഇതിത്രയും സഹജീവികൾ അറിയാതിരിക്കുമോ?പ്രസ്ഥാനം കൂട്ടുനിന്നു /കണ്ണടച്ചു എന്നത് ഇതൊക്കെ സ്വാഭാവികമല്ലേ എന്ന ചിന്തയിൽ നിന്നാണ്.അതാണ് ആണധികാരത്തിനു കിട്ടുന്ന പ്രിവിലേജ്.അതാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ആണിൻ്റെയോ പെണ്ണിൻ്റെ യോ ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെ വിഷയമല്ല ഇത്.
ഇതിനെ എല്ലായ്പ്പോഴുമെന്ന പോലെ രാഷ്ട്രീയ പ്രതികാരം എന്ന മട്ടിൽ ചർച്ച ചിതറിക്കുന്നു. മറ്റേ പാർട്ടിയുടെ തീവ്രതയുമായി ഉരച്ചു നോക്കി സ്ത്രീവിരുദ്ധത നോർമലൈസ് ചെയ്യുന്നു. പരാതിയുമായി വരുന്ന സ്ത്രീകളുടെ നേർക്കുള്ള കടുത്ത അബ്യൂസുകൾ ആവർത്തിക്കുന്നു.. ശീലിച്ചു പോന്ന വൃത്തികെട്ട ആണൂറ്റത്തിന് ഒരു ഇടിവുമുണ്ടാവില. മാറ്റമുണ്ടാവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.
Consent must be enthusiastic and freely given, and its absence can be due to fear, intoxication, or misunderstanding.
കൺസെൻ്റ് കൺസെൻ്റ് എന്നു പറയുന്നവരോട് -
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളുടെ തുടർച്ചയായി കോൺഗ്രസിൽ അമർഷം പുകയുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയും രാഹുലിനെ സംരക്ഷിച്ചെന്നാണ് ആരോപണം. പരാതികൾ ലഭിച്ചിട്ടും രാഹുലിനെ തിരുത്താൻ ഇവർ തയ്യാറായില്ലെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഈ സംരക്ഷണമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം ഒരുങ്ങി എന്നാണ് നേതാക്കൾ പറയുന്നത്.
വിവാദങ്ങൾ ആളിക്കത്തുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ പോലും ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല. പരാതി നൽകിയവർ പിന്നീട് ഹൈക്കമാൻഡിനെ സമീപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം തനിക്ക് പരാതി ലഭിച്ചിട്ടില്ല എന്നാണ് വി ഡി സതീശന്റെ വിശദീകരണം. കോൺഗ്രസിൽ രാഹുലിന്റെ മെന്റർ എന്നാണ് വി ഡി സതീശനനേയും ഷാഫി പറമ്പിലിനേയും നേതാക്കൾ വിളിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി മറ്റൊരു യുവതി ഇന്ന് രംഗത്തെത്തി. നിരന്തരം ഹോട്ടൽ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഐ ഡോണ്ട് കെയർ എന്നായിരുന്നു മറുപടി', യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോൾ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രമാദമായ സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും, അവർ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാൾ പൊയ്മുഖമുള്ള ആളാണ്.
എപ്പോഴും 'ഹു കെയർ' എന്നാണ് ആറ്റിറ്റ്യൂട്. അയാളൊരു ഹാബിച്വൽ ഒഫൻഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാർട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് പറയില്ലെന്നും അയാൾ ഉൾപ്പെടുന്ന പാർട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം റിപ്പോർട്ടർ പുറത്തുവിട്ടു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
മാധ്യമങ്ങളെ കണ്ട രാഹുൽ വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുൽ പറഞ്ഞിരുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി പുറത്തുവിട്ട ഫോൺ സംഭാഷണം കേസെടുക്കാൻ പര്യാപ്തമാണെന്ന് ഷിന്റോ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുൽ നടത്തിയത് എന്നും പരാതിയിൽ പറഞ്ഞിരുന്നു.
Content Highlights: anu pappachan against rahul mamkootathil