പാലക്കാട്ടെ ആ കോഴി ചത്തു; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി

dot image

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ച കോഴിയുമായി നടത്തിയ പ്രതിഷേധത്തിൽ പരാതി. മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

'സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം' എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങൽ അഭ്യർത്ഥിച്ചു.

രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളുടെ തുടർച്ചയായി കോൺഗ്രസിൽ അമർഷം പുകയുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയും രാഹുലിനെ സംരക്ഷിച്ചെന്നാണ് ആരോപണം. പരാതികൾ ലഭിച്ചിട്ടും രാഹുലിനെ തിരുത്താൻ ഇവർ തയ്യാറായില്ലെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഈ സംരക്ഷണമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം ഒരുങ്ങി എന്നാണ് നേതാക്കൾ പറയുന്നത്.

വിവാദങ്ങൾ ആളിക്കത്തുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ പോലും ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല. പരാതി നൽകിയവർ പിന്നീട് ഹൈക്കമാൻഡിനെ സമീപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം തനിക്ക് പരാതി ലഭിച്ചിട്ടില്ല എന്നാണ് വി ഡി സതീശന്റെ വിശദീകരണം. കോൺഗ്രസിൽ രാഹുലിന്റെ മെന്റർ എന്നാണ് വി ഡി സതീശനനേയും ഷാഫി പറമ്പിലിനേയും നേതാക്കൾ വിളിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി മറ്റൊരു യുവതി ഇന്ന് രംഗത്തെത്തി. നിരന്തരം ഹോട്ടൽ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഐ ഡോണ്ട് കെയർ എന്നായിരുന്നു മറുപടി', യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോൾ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രമാദമായ സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും, അവർ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാൾ പൊയ്മുഖമുള്ള ആളാണ്.

എപ്പോഴും 'ഹു കെയർ' എന്നാണ് ആറ്റിറ്റ്യൂട്. അയാളൊരു ഹാബിച്വൽ ഒഫൻഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാർട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് പറയില്ലെന്നും അയാൾ ഉൾപ്പെടുന്ന പാർട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം റിപ്പോർട്ടർ പുറത്തുവിട്ടു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

മാധ്യമങ്ങളെ കണ്ട രാഹുൽ വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുൽ പറഞ്ഞിരുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി പുറത്തുവിട്ട ഫോൺ സംഭാഷണം കേസെടുക്കാൻ പര്യാപ്തമാണെന്ന് ഷിന്റോ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുൽ നടത്തിയത് എന്നും പരാതിയിൽ പറഞ്ഞിരുന്നു.

Content Highlights: complaint against mahilamorcha on protest against rahul mamkoottathil

dot image
To advertise here,contact us
dot image