
കണ്ണൂർ: ഏറെനേരം ട്രെയിൻ നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരിക്ക് റെയിൽവേ നൽകിയ മറുപടി വിചിത്രം. ഒരുകോച്ചിൽ പാറ്റ ശല്യമുണ്ടെന്നും അതിനാലാണ് ട്രെയിൻ വൈകുന്നതെന്നുമായിരുന്നു അധികൃതരുടെ മറുപടി. നാവികസേന മുൻ കമാൻഡറായ കാഞ്ഞങ്ങാട്ടെ പ്രസന്ന ഇടയില്യവും അച്ഛൻ എ കുഞ്ഞിരാമൻ നായരുമായിരുന്നു പരാതിക്കാർ.
തിങ്കളാഴ്ച വൈകിട്ട് 5.40-ന് കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-ബെംഗളൂരു (16512) എക്‌സ്പ്രസ് തീവണ്ടിയിലെ എസ്-3 കംപാർട്ട്‌മെന്റിലെ യാത്രക്കാരായിരുന്നു ഇവർ. 8.10-ന് മംഗളൂരുവിൽ എത്തി. 10.10-ന് സുബ്രഹ്‌മണ്യറോഡിൽ ട്രെയിൻ നിർത്തി. ഏറെനേരം നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച് പ്രസന്ന ഇടയില്യം റെയിൽ മദദ് ആപ്പിൽ പരാതി അയച്ചു. മറുപടി നൽകാനൊന്നും റെയിൽവേ വൈകിയില്ല, നിമിഷങ്ങൾക്കകമെത്തി മറുപടി.
എസ്-6 കോച്ചിൽ പാറ്റകളുടെ ശല്യം ഉണ്ടെന്നും അത് സ്‌പ്രേ അടിച്ച് കളയുകയാണെന്നുമായിരുന്നു പ്രതികരണം. റെയിൽവേ സത്യസന്ധമായ മറുപടി നൽകിയതിൽ സന്തോഷമുണ്ടെന്ന് പ്രസന്ന പറഞ്ഞു. എന്നാൽ ഇത്തരം കാരണങ്ങളുടെ പേരിൽ യാത്ര വൈകുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Train Delayed Due to Cockroaches