കൊല്ലത്ത് അംഗീകാരമില്ലാതെ വിദ്യാഭ്യാസസ്ഥാപനം നടത്തി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഉടമ ജീവനൊടുക്കി

മൂന്നുലക്ഷം രൂപ വരെ ഫീസ് നല്‍കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പഠിച്ചത്

dot image

കൊല്ലം: കൊല്ലത്ത് അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനം നടത്തിയതിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു. അംഗീകാരമില്ലാതെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി വരികയായിരുന്നു ഇയാള്‍. സംഭവം പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൊല്ലം കോളേജ് ജങ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അമൽ ശങ്കറാ(46)ണ്‌ ജീവനൊടുക്കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നത്.

കോളേജ് ജംഗ്ഷനില്‍ വര്‍ഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയാണ് അമല്‍ ശങ്കറും ഭാര്യ രേഖാകുമാരിയും. ഭാരത് സേവക് സമാജിന്റെ പരിശീലന കേന്ദ്രമാണ് ഇതെന്നാണ് ഇരുവരും കുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. ലാബ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ കേസുകളായിരുന്നു പ്രധാനമായും സ്ഥാപനത്തില്‍ പരിശീലിപ്പിച്ചിരുന്നത്. ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായും ജോലിക്കായും മറ്റ് സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല എന്ന് മനസിലാകുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു. കൂടാതെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

വിദ്യാര്‍ഥികളെയും സ്ഥാപന ഉടമകളെയും തിങ്കളാഴ്ച സ്റ്റേഷനില്‍ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും അമല്‍ ശങ്കര്‍ എത്തിയില്ല. രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതിനിധികളെയും ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനില്‍ എത്താന്‍ ഈസ്റ്റ് പോലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായി. വൈകീട്ട് നാലരയോടെയാണ് വാളകം അറയ്ക്കലില്‍ ഭാര്യയുടെ വീടായ രേഖാമന്ദിരത്തില്‍ അമലിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്.

മൂന്നുലക്ഷം രൂപ വരെ ഫീസ് നല്‍കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പഠിച്ചത്. രണ്ട് വര്‍ഷത്തോളം പഠിച്ച കോഴ്‌സിന് അംഗീകാരമില്ല എന്ന് അറിഞ്ഞതോടെ പലരും മാനസികമായി തളര്‍ന്നു. പണവും രണ്ട് വര്‍ഷവും നഷ്ടപ്പെട്ടതോടെ ഭാവി എന്താകും എന്ന ആശങ്കയിലാണ് ഇവര്‍. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചതിനോ ഫീസടച്ചതിനോ തെളിവുകളൊന്നും തന്നെയില്ല. സ്ഥാപനത്തില്‍ ഏല്‍പ്പിച്ച് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളില്‍ പലതും പോലും ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് ഇടപെട്ട് പല സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കി. എന്നാല്‍ നഷ്ടപ്പെട്ട പണവും രണ്ട് വര്‍ഷവും ആര് പകരം തരും എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം.

കോഴ്‌സ് പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ ജോലിക്ക് കയറാനുള്ള തീരുമാനത്തിലായിരുന്നു പല വിദ്യാര്‍ത്ഥികളും. ഇതിനായി മാസങ്ങളോളം വിവിധ ജോലി സ്ഥലങ്ങളില്‍ കയറിയിറങ്ങുന്നുമുണ്ട്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; An educational institution was run without authorization; the owner found died after being summoned for questioning

dot image
To advertise here,contact us
dot image