നവാസ് വർഗീയവാദി തന്നെ; എസ്എഫ്‌ഐക്ക് സംഘിച്ചാപ്പ അടിച്ചാലും നിലപാടിൽ മാറ്റമില്ല; മറുപടിയുമായി പി എസ് സഞ്ജീവ്

'ജമാഅത്തെ ഇസ്‌ലാമിയും സിഎഫ്‌ഐയും എംഎസ്എഫിനെ വിഴുങ്ങി. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശമൊന്നും എംഎസ്എഫിന് ഇല്ല'

dot image

കണ്ണൂര്‍: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പി കെ നവാസ് വര്‍ഗീയവാദി തന്നെയാണെന്ന് സഞ്ജീവ് പറഞ്ഞു. എംഎസ്എഫിനും സംസ്ഥാന പ്രസിഡന്റിനുമെതിരെ നടത്തിയ പ്രസംഗം നടത്തിയ പ്രസംഗം ഉത്തരവാദിത്തതോടെയാണ്. വിമര്‍ശനത്തെ ശരിയായ രീതിയില്‍ നേരിടാന്‍ എംഎസ്എഫിന് കഴിയുന്നില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു. കണ്ണൂരായിരുന്നു സഞ്ജീവിന്റെ പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിയും സിഎഫ്‌ഐയും എംഎസ്എഫിനെ വിഴുങ്ങിയെന്ന ആരോപണവും സഞ്ജീവ് ആവര്‍ത്തിച്ചു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശമൊന്നും എംഎസ്എഫിന് ഇല്ല. എസ്എഫ്ക്ക് സംഘിച്ചാപ്പ അടിച്ചാലും നിലപാടില്‍ നിന്ന് മാറ്റമില്ല. സിറാത്തിന്റെ പാലത്തിന് ടോള്‍ വെച്ചിരിക്കുന്നത് എംഎസ്എഫ് ആണോയെന്നും സഞ്ജീവ് ചോദിച്ചു. എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ മത വിമര്‍ശനമാക്കി മാറ്റുകയാണ്. കേരളത്തിലെ ക്യാമ്പസുകളിലെ ഒന്നാം നമ്പര്‍ വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ് എന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാലക്കാടായിരുന്നു എംഎസ്എഫിനും പി കെ നവാസിനുമെതിരെ സഞ്ജീവ് തുറന്നടിച്ചത്. എംഎസ്എഫ് വര്‍ഗീയവാദ സംഘടനയാണെന്നും പി കെ നവാസ് ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നുമായിരുന്നു സഞ്ജീവിന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. പട്ടിയെ വെട്ടി പഠിച്ച് നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്. ഇന്ന് കേരളം കണ്ട ഏറ്റവും വലിയ തെറ്റായ, പതിരായ രാഷ്ട്രീയമാണ് എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ഒന്നും അറിയാത്ത കുട്ടികളോട് പോലും വര്‍ഗീയതയാണ് എംഎസ്എഫ് പറയുന്നതെന്നും സഞ്ജീവ് പറഞ്ഞിരുന്നു. സഞ്ജീവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. സഞ്ജീവിനെ പിന്തുണച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദും മുന്‍ സംസ്ഥാന സെക്രട്ടി പി എം ആര്‍ഷോയും അടക്കം രംഗത്തെത്തിയിരുന്നു. സഞ്ജീവിന്റെ പരാമര്‍ശം ശരിവെച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും രംഗത്തെത്തി. എന്നാല്‍ 'വര്‍ഗീയ വിഷം തുപ്പുന്ന' ശശികലയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞത്.

തൊട്ടുപിന്നാലെ നവാസിനെതിരായ സഞ്ജീവിന്റെ പ്രസ്താവനയെ എതിര്‍ത്തും സഞ്ജീവിന്റെ പ്രസ്താവന കെ പി ശശികല ശരിവെച്ചത് ഏറ്റുപിടിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. സഞ്ജീവിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയത്. ഇതിനിടെ സഞ്ജീവ് മറുപടിയുമായി പി കെ നവാസ് തന്നെ രംഗത്തെത്തി. എസ്എഫ്‌ഐ നേതാക്കള്‍ വിളമ്പുന്നത് ശശികലയിട്ട ഇലയിലേക്കുള്ള സദ്യയാണെന്നും അത് കാവി സദ്യയാണെന്നുമായിരുന്നു നവാസ് പറഞ്ഞത്. സിപിഐഎമ്മിന് ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നുള്ള അഭിപ്രായമില്ലെന്നും എന്നാല്‍ എസ്എഫ്‌ഐ ആ നിലപാടാണ് പിന്തുടരുന്നതെന്നും നവാസ് വ്യക്തമാക്കിയിരുന്നു.

Content Highlights- SFI State secretary p s sanjeev again slam msf and p k navas

dot image
To advertise here,contact us
dot image