'സവർക്കർ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവ്'; വാഴ്ത്തലിന് പിന്നാലെ സിപിഐ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ

പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ശുഹൈബിനെ സസ്പെൻഡ് ചെയ്തത്

dot image

ആലപ്പുഴ: വി ഡി സവർക്കറെ വാഴ്ത്തിയ ആലപ്പുഴ സിപിഐ നേതാവിന് സസ്പെൻഷൻ. സവർക്കർ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവെന്ന സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ശുഹൈബിനെ സസ്പെൻഡ് ചെയ്തത്. സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'കിഴക്കെ ആൽമുക്ക്' എന്ന പ്രാദേശിക വാട്‌സാപ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെയാണ് സവർക്കറെ വാഴ്ത്തി സിപിഐ നേതാവ് രംഗത്തെത്തിയത്.

'ചരിത്ര വിദ്യാർത്ഥികൾക്കൊന്നും ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. സവർക്കർ അനുഭവിച്ച ത്യാഗം വലിയ കോൺഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ല. ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല. ജയിലിൽ കിടന്ന് പീഠത്തിൽകെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വർഷത്തിൽ കൂടുതൽ ജയിലിൽക്കിടന്നു. സവർക്കർ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ' എന്നാണ് സിപിഐ വെൺമണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്നത്.

സവർക്കർക്കറിനും ആർഎസ്എസിനുമെതിരെ സിപിഐ ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് സവർക്കറെ പുകഴ്ത്തി ലോക്കൽ സെക്രട്ടറി രംഗത്തെത്തിയത്. സംഭവം പരിശോധിക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് സോളമൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Alappuzha CPI leader suspended for praising VD Savarkar

dot image
To advertise here,contact us
dot image