അടിച്ചുമോനെ; കടം പറഞ്ഞ് എടുത്തുവെച്ച ലോട്ടറി ടിക്കറ്റിന് ജയേഷ് കുമാറിന് ഒരു കോടി

ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് സ്വകാര്യ ബസ് കണ്ടക്ടർക്ക് ലഭിച്ചത്

dot image

കൽപ്പറ്റ: കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയ സന്തോഷത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരൻ ജയേഷ് കുമാർ. ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം തേടിയത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് സ്വകാര്യ ബസ് കണ്ടക്ടർക്ക് ലഭിച്ചത്.

കൽപറ്റ - ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും കരണി സ്വദേശിയുമാണ് നെല്ലുവായ് ജയേഷ് കുമാർ. ബുധനാഴ്ച രാവിലെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് എടുത്തു വെയ്ക്കാൻ പറഞ്ഞ 5 ലോട്ടറി ടിക്കറ്റുകളിൽ ഒന്നായ DA 807900 ടിക്കറ്റിലൂടെയാണ് ജയേഷിനെ ഭാ​ഗ്യം തേടിയെത്തിയത്.

വൈകുന്നേരം ലോട്ടറിക്കടയിൽ നിന്ന് നിങ്ങൾക്കു വേണ്ടി എടുത്തു വെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓർമ വന്നത്. പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായതെന്നും ജയേഷ് പറഞ്ഞു.

മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണു ജയേഷ് എന്ന് അമ്മ ലക്ഷ്മി പറഞ്ഞു. 9 സെന്റ് സ്ഥലമുള്ളതിൽ പണി പൂർത്തീകരിക്കാത്ത ഒരു വീടാണുള്ളത്. ഈ പണം കിട്ടിയാൽ വീട് നന്നാക്കണം എന്നാണ് ആഗ്രഹമെന്നു ലക്ഷ്മി പറഞ്ഞു. കുറച്ച് സ്ഥലം വാങ്ങാനും ആലോചനയുണ്ടെന്നു ജയേഷ് പറഞ്ഞു. പതിവുപോലെ ബസിൽ ജോലി തുടരാണ് തീരുമാനം. ഒന്നാം സമ്മാനം അടിച്ച ലോട്ടറി കൽപറ്റയിലെ ബാങ്കിൽ ഏൽപിച്ചു. കൽപറ്റ അമ്മ ലോട്ടറി ഏജൻസി പനമരം ദീപ്തി ലോട്ടറി ഏജൻസിയിൽ നിന്നും എടുത്തു വിറ്റ ടിക്കറ്റാണിത്.

Content Highlight : Five Lottery Tickets Borrowed: Bus Conductor Wins First Prize in Lottery

dot image
To advertise here,contact us
dot image