'ഡിജിപിയാകുന്നത് തടയലായിരുന്നു അൻവറിന്റെ ലക്ഷ്യം; അദ്ദേഹത്തെ കാണണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു'

അന്‍വറിന്റെ സംശയങ്ങള്‍ ദുരീകരിക്കാനായിരുന്നു നിര്‍ദേശമെന്നും അന്‍വറിന്റെ സുഹൃത്ത് നജീബിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നും അജിത്കുമാര്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് എഡിജിപി എം ആര്‍ അജിത്കുമാര്‍ നല്‍കിയ മൊഴിപ്പകര്‍പ്പ് റിപ്പോര്‍ട്ടറിന്. ആരോപണം ഉന്നയിച്ച സമയത്ത് പി വി അന്‍വറിനെ കാണണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചെന്ന് മൊഴിയില്‍ പറയുന്നു. അന്‍വറിന്റെ സംശയങ്ങള്‍ ദുരീകരിക്കാനായിരുന്നു നിര്‍ദേശമെന്നും അന്‍വറിന്റെ സുഹൃത്ത് നജീബിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നും അജിത്കുമാര്‍ പറഞ്ഞു.

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുന്ന അജിത്കുമാര്‍ അന്‍വറിന്റെ ഗൂഢ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് കൂട്ടിച്ചേര്‍ത്തു. ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. ഫ്‌ളാറ്റ് വാങ്ങി 10 ദിവസത്തിന് ശേഷം വിറ്റുവെന്നത് വെറും സാങ്കേതികമാണെന്നാണ് അജിത്കുമാറിന്റെ മൊഴി.

2016 ഫെബ്രുവരി 19ന് വാങ്ങിയ ഫ്‌ളാറ്റ് ഫെബ്രുവരി 29ന് വിറ്റിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങിയത് 2009ല്‍ ആണെന്നാണ് എഡിജിപി പറഞ്ഞത്. എസ്ബിഐ വഴി 25 ലക്ഷം ലോണ്‍ എടുത്തെന്നും അന്ന് മുഴുവന്‍ പണവും നല്‍കിയെങ്കിലും ആധാരം നടത്തിയില്ലെന്നും വില്‍ക്കാന്‍ സമയത്താണ് അത് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആധാരം രജിസ്റ്റര്‍ ചെയ്ത് വില്‍ക്കുകയായിരുന്നു. താന്‍ ഡിജിപിയാകുന്നത് തടയലായിരുന്നു അന്‍വറിന്റെ ലക്ഷ്യമെന്നും അജിത് കുമാര്‍ പറഞ്ഞു.

ആഴത്തിലുള്ള ഗൂഡാലോചന അതിന് വേണ്ടി നടത്തിയെന്നും നിയമലംഘന -ദേശദ്രോഹ -വിദ്വേഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ സഹായവുമുള്ളതായി സംശയിക്കുന്നുവെന്നും അജിത്കുമാര്‍ മൊഴിയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരും കെപിഒഎ ഭാരവാഹികളും അന്‍വറിനെ സഹായിച്ചെന്നും ഇതില്‍ അന്വേഷണം വേണന്നും ഡിവൈഎസ്പി ഷിബു പാപ്പച്ചന് നല്‍കിയ മൊഴിയില്‍ അജിത് കുമാര്‍ പറയുന്നു.

Content Highlights: Ajith Kumar s statements on illegal property case

dot image
To advertise here,contact us
dot image