'2 മിനിറ്റ് വൈകി, 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തി'; സംഭവം തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ

സംഭവത്തില്‍ തൃക്കാക്കര പൊലീസില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്

dot image

കൊച്ചി: തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനോട് ക്രൂരത. സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി. സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരത. സംഭവത്തില്‍ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തി. കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് പ്രിന്‍സിപ്പല് അറിയിച്ചെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

പരാതിയുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ നിലപാട്. ചോദ്യം ചെയ്യാന്‍ വന്ന രക്ഷിതാക്കളോടും അധികൃതര്‍ മോശമായി പെരുമാറിയിട്ടുണ്ട്. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. തന്നെ ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷമാണ് ഇരുട്ട് മുറിയില്‍ ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു. രണ്ട് മിനിറ്റ് മാത്രമാണ് വൈകിയെത്തിയതെന്നും കുട്ടി പറഞ്ഞു.

സംഭവം അറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തിയിട്ടുണ്ട്. നിലവില്‍ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Content Highlights: 5std student get beaten at Thrikkakkara school

dot image
To advertise here,contact us
dot image