
കാസർകോട്: കാസർകോട് കെഎസ്‍യുവിനെതിരെ യൂത്ത് കോൺഗ്രസും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എസ്എഫ്ഐക്ക് വോട്ട് വിറ്റെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രംഗത്തെത്തി. കെഎസ്‌യു കൗൺസിലർമാരെ സ്വാധീനിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വോട്ടെടുപ്പിൽ നിന്ന് പിന്മാറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമിന്റെ പരാതി. ഇതിന് പുറമെ കൗൺസിലർമാരെ കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ ചോർത്തി നൽകിയെന്നും വഴിനീളെ വാഹനം തടഞ്ഞ് എസ്എഫ്ഐക്കാർ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. കെപിസിസിക്കും ഡിസിസിക്കും മാർട്ടിൻ എബ്രഹാം നൽകിയ പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
കെഎസ്‍യു യുയുസിമാരെ സ്വാധീനിച്ച് വോട്ടെടുപ്പിൽ നിന്ന് ജില്ലാ പ്രസിഡന്റ് പിന്മാറ്റിയെന്നും പരാതിൽ പറയുന്നു. യുയുസിയെ കൊണ്ടുപോയ വണ്ടി നമ്പറും പേരും എസ്എഫ്ഐക്ക് ഒറ്റ് നൽകി. വഴി നീളെ എസ്എഫ്ഐ പ്രവർത്തകർ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തു. സർവകലാശാലയിലെ സംഘർഷത്തിനിടയിൽ കെഎസ്‍യു ജില്ലാ പ്രസിഡൻ്റിനെ മാത്രം എസ്എഫ്ഐ ആക്രമിച്ചില്ല. ഒറ്റുകാർ ഒപ്പം തന്നെയാണെന്നും പരാതിയിൽ ആരോപണമുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്റും എസ്എഫ്ഐയും തമ്മിൽ അന്തർധാര സജീവമാണെന്നും മാർട്ടിൻ എബ്രഹാം പരാതിയിൽ പറയുന്നു.
കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വഞ്ചിച്ചെന്നും കാണിച്ച് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയത് വിവാദമായിരുന്നു. കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാർത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. എന്നാൽ ഈ വിജയം ഇല്ലാതാക്കാൻ കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നായിരുന്നു എംഎസ്എഫിന്റെ പരാതി.
17 യുയുസിമാർ എംഎസ്എഫിനും നാല് യുയുസിമാർ കെഎസ്‌യുവിനും കാസർകോട് ജില്ലയിലുണ്ട്. ഇതിൽ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കെഎസ്‌യു യുയുസിയെ ജില്ലാ പ്രസിഡന്റ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫ് പരാതി നൽകുകയായിരുന്നു. പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‍യു നേതാക്കളും രംഗത്തെത്തിയിരുന്നു.
Conmtent Highlights: youth congress against kasargod ksu