കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക

dot image

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതി റമീസിനായുള്ള അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയെന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ പിതാവിനെയും മാതാവിനെയും ഉടന്‍ ചോദ്യം ചെയ്യും.

കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചതായും സോന ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇമോറല്‍ ട്രാഫിക്കിന് റമീസിനെ പൊലീസ് പിടിച്ചിരുന്നുവെന്നും ഇതിനോട് താന്‍ ക്ഷമിച്ചിരുന്നുവെന്നും സോന പറയുന്നു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാന്‍ പറഞ്ഞു. എന്നാല്‍ അതിന് താന്‍ വഴങ്ങിയില്ല. ഇതോടെ രജിസ്റ്റര്‍ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചും മതം മാറണമെന്ന് ആവശ്യപ്പെട്ടു. മതം മാറില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദിച്ചു. ഒടുവില്‍ മതംമാറാന്‍ തയ്യാറാണെന്ന് പറഞ്ഞു. അതിന് ശേഷവും മര്‍ദനം തുടര്‍ന്നുവെന്നും കുറിപ്പില്‍ സോന പറയുന്നുണ്ട്.

റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് പൊലീസിന് തെളിവ് ലഭിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാതെ ആത്മഹത്യ ചെയ്യാനായിരുന്നു റമീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ വിവാഹ വാഗ്ദാനം നല്‍കി പീഡനം, ശാരീരിക ഉപദ്രവം ഏല്‍പിക്കല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights- Special team will investigate kothamangalam sona death case

dot image
To advertise here,contact us
dot image