സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്; വോട്ടുള്ളത് കൊല്ലത്തും തൃശൂരിലും

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലാണ് ഇരുവർക്കും വോട്ടുള്ളത്

dot image

കൊല്ലം: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

തൃശൂരിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോൺഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റിൽ വാടകക്കാർ അറിയാതെ ഒൻപതു കള്ളവോട്ടുകളാണ് ചേർത്തത്. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശൂരിൽ വോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

തൃശൂരിൽ ആർഎസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടെന്നും ആരോപണമുയർന്നിരുന്നു. തൃശൂരിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവന്നത്. ബിജെപി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ ആർ ഷാജി, ഭാര്യ സി ദീപ്തി എന്നിവർക്ക് ഇരട്ട വോട്ടെന്നാണ് ആരോപണം. ഇരുവർക്കും ആലത്തൂർ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂർ മണ്ഡലത്തിലും ചേർത്തു എന്നായിരുന്നു ആരോപണം.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയും ഇരട്ട വോട്ട് ആരോപണം ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വോട്ടറായ വി ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർക്കുകയും അത് ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. തൃശൂരിലെ ബിജെപി പ്രാദേശിക നേതാവ് ഹരിദാസിനെതിരെയും ഇത്തരത്തിൽ ഇരട്ട വോട്ട് ആരോപണം ഉയർന്നു. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന വേലൂർ, തൃശൂർ മണ്ഡലത്തിൽപ്പെടുന്ന പൂങ്കൂന്നം എന്നിവിടങ്ങളിൽ വോട്ടുണ്ടെന്നാണ് ആരോപണം.

തൃശൂരിൽ വ്യാപകമായി വോട്ട് ചേർക്കപ്പെട്ടു എന്ന് ആരോപണം ഉയർന്ന ക്യാപിറ്റൽ വില്ലേജ് എന്ന മേൽവിലാസത്തിൽ തന്നെയായിരുന്നു ഹരിദാസിനും വോട്ടുള്ളത്. വോട്ട് ചേർത്തു എന്ന കാര്യം ഹരിദാസ് നിഷേധിക്കുന്നില്ലെങ്കിലും അത് മറ്റാരോ ചേർത്തു എന്നാണ് ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലത്തിലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും ഹരിദാസ് പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് തൃശൂരും വിവാദമാകുന്നത്. തൃശൂരിൽ വ്യാപകമായി വോട്ടുകൾ ചേർക്കപ്പെട്ടതായി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ ആരോപിച്ചിരുന്നു.

Content Highlights: Suresh Gopi's brother Subhash Gopi also gets double votes

dot image
To advertise here,contact us
dot image