സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം; തൃശ്ശൂര്‍ എസിപിക്ക് അന്വേഷണച്ചുമതല

കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കളാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്

dot image

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നായിരുന്നു ടി എന്‍ പ്രതാപന്റെ ആരോപണം. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം ഡിവിഷനില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്. സുരേഷ് ഗോപി 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിട്ടാണ് 115 ആം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്. വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിര താമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും രേഖയും നല്‍കണം. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാര്‍ഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുള്‍പ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തില്‍ ചേര്‍ത്തതെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights- City police commissioner direct acp for investigate complaint of congress leaders against suresh gopi

dot image
To advertise here,contact us
dot image