കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-വി സി പോര്: 'ആര്‍ട്ടിക്കിള്‍ 153' പരിപാടിയില്‍ വി സി റിപ്പോര്‍ട്ട് തേടി

ആര്‍ട്ടിക്കിള്‍ 153 ഓള്‍ എബൗട്ട് ഗവര്‍ണര്‍, നോട്ട് സഫ്രോണിസം(കാവിവല്‍ക്കരണം) എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്

dot image

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ പരിപാടിയില്‍ വിശദീകരണം തേടി വി സി. 'ആര്‍ട്ടിക്കിള്‍ 153' എന്ന പരിപാടിയിലാണ് വി സി വിശദീകരണം തേടിയത്. പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി ഇല്ലെന്നാണ് വി സിയുടെ വാദം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ക്കെതിരായ ഉളളടക്കം പരിപാടിയില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.

പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് കോളേജില്‍ സംഘടിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 153 ഓള്‍ എബൗട്ട് ഗവര്‍ണര്‍, നോട്ട് സഫ്രോണിസം(കാവിവല്‍ക്കരണം) എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കള്‍ച്ചറല്‍ പരിപാടികളും ഭരണഘടന സംബന്ധിച്ച ചര്‍ച്ചകളുമുള്‍പ്പെടെയാണ് പരിപാടി. ഈ പരിപാടിയിലാണ് സര്‍വകലാശാല വി സി കെ കെ സാജു വിശദീകരണം തേടിയിട്ടുളളത്. എസ്എഫ്ഐ നടത്തുന്ന പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതിയില്ലെന്നാണ് വി സി ചൂണ്ടിക്കാട്ടുന്നത്.

വി സി ഇത്തരത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുളള കോളേജുകളില്‍ നടക്കുന്ന പരിപാടികളുടെ ഉളളടക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. എസ്എഫ്ഐയുടെ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനുപിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ചു. സമാനമായാണ് യൂണിയന്‍ നടത്തുന്ന പരിപാടിയുടെ ഉളളടക്കമുള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: SFI-VC fight at Kannur University: VC seeks report on 'Article 153' event

dot image
To advertise here,contact us
dot image