'കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ'; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം, ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കണ്ടെത്താത്തതില്‍ വിനോദ് അതീവ നിരാശനായിരുന്നു.

dot image

ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ഭാര്യയെ കാണാനില്ലെന്ന് വിനോദ് കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുന്‍പാണ് പരാതി നല്‍കിയത്.

രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

നേരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ രഞ്ജിനി ബാങ്കില്‍ പോയിരുന്നില്ലെന്ന് മനസിലായിരുന്നു. ഓട്ടോറിക്ഷയില്‍ കായംകുളത്തെത്തിയ രഞ്ജിനി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്.

മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് രഞ്ജിനി പോയെന്നതിനാല്‍ ആ വഴിക്കുള്ള അന്വേഷണവും നടന്നില്ല. ഭാര്യയെ കണ്ടെത്താത്തതില്‍ വിനോദ് അതീവ നിരാശനായിരുന്നു. ഇതിന് പിന്നാലെയാണ് 'കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ' എന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

dot image
To advertise here,contact us
dot image