
ആസാദ് മൈതാനത്തോ മുംബൈ സിഎസ്ടി സ്റ്റേഷനിലോ സ്ഥിരം സാന്നിദ്ധ്യമാണ് ഭാരത് ജെയിൻ. യാത്രക്കാർക്ക് ഇയാൾ മറ്റെല്ലാ യാചകന്മാരെയും പോലെയൊരാൾ മാത്രമാണ്. പക്ഷേ കാണുമ്പോൾ വിനയമുള്ളൊരു വ്യക്തിയായി ഭിക്ഷാടനം തുടരുന്ന ജെയിന്റെ ആസ്തി ഒന്നും രണ്ടുമല്ല, ഏഴരക്കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തിലാണ് ജെയിന്റെ ജനനം. ഭക്ഷണമോ, വസ്ത്രമോ, കയറിക്കിടക്കാൻ ഒരിടമോ ഇല്ലാതെ ബുദ്ധിമുട്ടി ജീവിച്ച ജെയിന് നല്ല വിദ്യാഭ്യാസമോ സ്ഥിരതയുള്ളൊരു ജോലിയോ ലഭിച്ചില്ല. ജീവിച്ചു പോകാൻ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു ഭിക്ഷയാചിക്കുക.
നാലു പതിറ്റാണ്ടോളം ഭിക്ഷാടനം തന്നെയായിരുന്നു ജെയിന്റെ ജീവിതമാർഗം. ഒരു ദിവസം പത്തു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ജോലിചെയ്യും. അതും ആഴ്ചയിൽ ഏഴുദിവസവും. അങ്ങനെ രണ്ടായിരം മുതൽ രണ്ടായിരത്തി അഞ്ഞൂറു രൂപ ദിവസവരുമാനത്തിൽ നിന്നും മാസം അറുപതിനായിരം മുതൽ 75000 രൂപവരെ വരുമാനം ലഭിക്കുന്ന നിലയിലേക്ക് ജെയിനെത്തി. അതായത് പല ഓഫീസ് ജീവനക്കാർക്കും ലഭിക്കുന്ന തുകയെക്കാൾ വളരെ കൂടുതലാണ് ജെയിൻ സമ്പാദിക്കുന്നത്.
കിട്ടുന്ന പണം വെറുതെ ധൂർത്തടിച്ച് കളയാതെ കൃത്യമായി മാത്രം അദ്ദേഹം ചിലവഴിക്കാൻ തുടങ്ങി. കുറേ പണം സേവ് ചെയ്തു. പിന്നെ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി.അങ്ങനെ ദിവസ വേതനത്തിൽ നിന്നും അദ്ദേഹം വലിയ തോതിൽ ആസ്തിയുള്ള മനുഷ്യനായി വളർന്ന് വന്നു. മുംബൈയിൽ രണ്ട് ആഡംബര ഫ്‌ളാറ്റുകളാണ് അദ്ദേഹത്തിനുള്ളത്. 1.4 കോടിയോളം ഇവയ്ക്ക് വില വരും. കുടുംബത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളർന്നു വന്ന സാഹചര്യത്തിൽ ജെയിന് ലഭിക്കാതെ പോയതും ഇതായിരുന്നു.
താനെയിൽ രണ്ട് കച്ചവട സ്ഥാപനങ്ങൾ അദ്ദേഹത്തിനുണ്ട്. ഇവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വാടക ഇനത്തിൽ മാത്രം മുപ്പതിനായിരം രൂപ മാസം ലഭിക്കും. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ശ്രോതസ്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പിക്കാൻ അദ്ദേഹം മുംബൈയിലെ കോൺവെന്റ് സ്‌കൂളിൽ ചേർത്തു. അവരിന്ന് വിദ്യാഭ്യസമൊക്കെ പൂർത്തിയാക്കി കുടുംബത്തിന്റെ സ്റ്റേഷനറി ബിസിനസ് നോക്കി നടത്തുന്നു. ബിസിനസും വന്‍ ലാഭത്തിലാണ്.
സമ്പത്ത്, സ്വത്ത്, ബിസിനസ് അങ്ങനെ എല്ലാമുണ്ടായിട്ടും ഇന്നും ഭിക്ഷാടനം അദ്ദേഹം തുടരുന്നു. പതിറ്റാണ്ടുകളായുള്ള ശീലമായി പോയില്ലേയെന്നാണ് ചിലർ പറയുന്നത്. പക്ഷേ ഒരുകാലത്ത് തന്നെയും തന്റെ കുടുംബത്തെയും നിലനിർത്തിയ ദിനചര്യ ഒഴിവാക്കാൻ കഴിയാതെ അത് തുടരുകയാണ് ജെയിൻ.
Content Highlights: Meet Bharat Jain, a beggar from Mumbai worth crores