
തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ പ്രതികരണവുമായി ഡോ ഹാരിസ് ചിറക്കൽ. എന്നെ അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ സഹായിച്ചില്ലെന്നാണ് ഹാരിസിന്‍റെ പ്രതികരണം. അവസ്ഥ മനസിലാക്കാതെ കൂടുതൽ സമ്മർദ്ദത്തിലാക്കി, തെറ്റായ റിപ്പോർട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാൻ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് എന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നു. എപ്പോൾ വേണമെങ്കിലും എന്നെ ചോദ്യം ചെയ്യാൻ അധികാരമുള്ള അവർ ഇങ്ങനെ ചെയ്തത് ശരിയായില്ല. നീതികേടുണ്ടായെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങൾ മനസിലാക്കേണ്ട എന്റെ അതേ ഉത്തരവാദിത്തം ഉള്ളവർ തന്നെ എന്നെ ശത്രുവായി കണ്ടു. അവർക്കുവേണ്ടികൂടിയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. അതുപോലും അവർ അനസിലാക്കിയില്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. മുപ്പതിലേറെ വർഷമായി കാണുന്നവരാണ്, അവർ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവർ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ല. ഞാൻ വെറുമൊരു ജോലിക്കാരൻ മാത്രമാണ്. അവരുമായി സഹകരിച്ചാണ് ഇനിയും ജോലി ചെയ്യേണ്ടതെന്നും ഹാരിസ് പറഞ്ഞു.
കേരളം കൂടെ നിന്നു, പക്ഷേ ചില സപ്രവർത്തകർ കുടുക്കാൻ നോക്കി.വെള്ളിത്തുട്ടുകൾക്കായി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ചു. അവർക്ക് കാലം മാപ്പു നൽകട്ടേയെന്ന് ഡോ ഹാരിസ് കെജിഎംസിടിഎ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. പിന്നാലെയാണ് മാധ്യമങ്ങളോടുള്ള പ്രതികരണം.
Content Highlights: Dr. Harris Chirakkal responds against colleagues