ഷോകള്‍ റദ്ദാക്കി, എവിടെയെന്ന് അറിയില്ല; വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്

dot image

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി.

പുലിപ്പല്ല് കേസിൽ വേടന്റെ പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും യുവതി മൊഴി നൽകിയിരുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം വേടൻ എവിടെയാണ് എന്നതിൽ ആർക്കും വ്യക്തതയില്ല. വേടന്റെ സംഗീത ഷോകളും റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യം 18ാം തിയതിയാണ് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത്. ഇതിന് മുൻപായി പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്‌.
Content Highlights: A lookout notice has been issued against Vedan

dot image
To advertise here,contact us
dot image