തിരുവനന്തപുരത്ത്‌ സ്വവർഗാനുരാഗികളെ ലക്ഷ്യമിട്ട് ഡേറ്റിങ് ആപ്പ് തട്ടിപ്പ്,100ലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി

പലരും നാണക്കേട് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി

dot image

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി യുവാവിനെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസിലെ പ്രതികള്‍ നൂറിലധികം ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ്. ഇവർ സ്വവര്‍ഗാനുരാഗികളായ നൂറിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി എന്നും എന്നാല്‍ പലരും നാണക്കേട് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രിന്റര്‍ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് സംഘം ആളുകളെ പറ്റിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിലൂടെയാണ് ഇവര്‍ ആളുകളെ ഡേറ്റിങ് ആപ്പിലേക്ക് എത്തിക്കുന്നത്. പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള യുവാക്കള്‍ക്ക് പ്രതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ഇവരെ വിളിച്ചുവരുത്തുന്നതുമാണ് സംഘത്തിന്റെ രീതി. പിന്നീട് ആളോഴിഞ്ഞ ഭാഗത്തേക്ക് കാര്‍ എത്തുമ്പോള്‍ അപരിചിതര്‍ കാറിലേക്ക് കയറുകയും കവര്‍ച്ച നടത്തുകയും ചെയ്യും. കയ്യില്‍ പണമോ, ആഭരണങ്ങളോ ഇല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി.

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന യുവാവിനെ വ്യാഴാഴ്ച്ച രാത്രി വെഞ്ഞാറമൂടിന് സമീപം മുക്കുന്നൂര്‍ ജംഗ്ഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് ഇയാളെ കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി നിര്‍ത്തുകയും ചെയ്തു. യുവാവ് കയറുമ്പോള്‍ വാഹനത്തില്‍ രണ്ട് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ നിര്‍ത്തിയിട്ട വാഹനത്തിലേക്ക് വീണ്ടും രണ്ട് പേര്‍ കൂടി കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന സംഘം യുവാവിനെ മര്‍ദിച്ചു എന്നും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മുഖം മറച്ച് എങ്ങോട്ടോ കൊണ്ടുപോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കാരേറ്റ്- പാലോട് റോഡിലൂടെ ഇയാളെ കൊണ്ടുപോവുകയും സുമതി വളവില്‍ എത്തിയതോടെ കാര്‍ നിര്‍ത്തി ആഭരണം ഊരിയെടുക്കുകയും മര്‍ദിച്ച ശേഷം വിജനമായ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ട് വെഞ്ഞാറമൂട് എത്തിയ യുവാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലാവുന്നതും നൂറോളം യുവാക്കള്‍ തട്ടിപ്പിനിരയായെന്ന് മനസ്സിലായതും.

പ്രതികള്‍ രണ്ട് മാസം കൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വെഞ്ഞാറമൂട് പൊലീസ് സംശയിക്കുന്നു. ആപ്പ് വഴി മാത്രം സംസാരിച്ചതിനാല്‍ പൊലീസിന് ആളെ കണ്ടെത്താന്‍ തടസമുണ്ടായിരുന്നു. ഇരകളുടെ ഫോണ്‍ പ്രതികള്‍ വാങ്ങുകയും അത് റീസെറ്റ് ചെയ്യുകയും ചെയ്തതും പൊലീസിന് തിരിച്ചടിയായിരുന്നു. പ്രതികളിലേക്കെത്താന്‍ മറ്റ് വഴികളൊന്നും ഇല്ലാതിരുന്നതിനാല്‍ പൊലീസ് സൈബര്‍ ഫൊറന്‍സിക് വഴി ഡാറ്റ റീസ്റ്റോര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്നാണ് 24 മണിക്കൂറിനകം ചിതറ കൊല്ലായില്‍ പണിക്കവിള വീട്ടില്‍ സുധീര്‍ (24), മടത്തറ തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (19), പോരേടം മണലയം അജ്മല്‍ മന്‍സിലില്‍ ആഷിക് (19), ചിതറ കൊല്ലായില്‍ പുത്തന്‍വീട്ടില്‍ സജിത്ത് (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോണ്‍വിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുമെന്നും ആപ്പ് കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്നും എത്രപേര്‍ ഇരയായെന്നുള്ളത് പരിശോധിക്കുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ പറഞ്ഞു.

Content Highlight; Dating App Scam Ends in Kidnapping and Robbery in Venjarammoodu

dot image
To advertise here,contact us
dot image