സ്നേഹബന്ധത്തിൽ ജ്യോതിഷം കലർത്തേണ്ട കാര്യമില്ല, അസുഖ വിവരം അറിഞ്ഞാണ് എം വി ഗോവിന്ദൻ വന്നത്: മാധവ പൊതുവാൾ

അനാവശ്യ രാഷ്ട്രീയ പ്രചാരണം സഹിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. കുടുംബത്തോടൊപ്പമാണ് എം വി ഗോവിന്ദൻ തന്നെ സന്ദർശിച്ചതെന്നും വർഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളതെന്നും മാധവ പൊതുവാൾ പറഞ്ഞു. അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയത്. സ്നേഹബന്ധത്തിൽ ജ്യോതിഷം കലർത്തേണ്ട കാര്യമില്ല. അനാവശ്യ രാഷ്ട്രീയ പ്രചാരണം സഹിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം വി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടതിൽ പാർട്ടി നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന തരത്തിൽ വിവാദം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് മാധവ പൊതുവാൾ പ്രതികരണവുമായി രംഗത്തെത്തിയത്.

'എം വി ഗോവിന്ദൻ മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട കാര്യമില്ല. എം വി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാനാവില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും അദാനി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും എന്നെ വന്ന് കാണാറുണ്ട്. അവർ ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാറുണ്ട്', മാധവ പൊതുവാൾ കൂട്ടിച്ചേർത്തു. അമിത് ഷാ ജാതകം നോക്കാനായിരുന്നു എത്തിയത്. പാർട്ടിക്കകത്തെ പ്രശ്നങ്ങളാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു.

പാർട്ടി നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന വിവാദത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൂർണമായും നിഷേധിച്ചിരുന്നു. നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഓരോ കാര്യങ്ങൾ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ട എന്നും കണ്ണൂരിൽ മാധ്യമങ്ങളോട് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

എം വി ഗോവിന്ദൻ ജോത്സ്യനെ സന്ദർശിച്ച ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. വിഷയം സംസ്ഥാന സമിതിയിൽ കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നും എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നതെന്ന് ചോദിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവാദത്തിൽ ന്യായീകരണവുമായി മുതിർന്ന നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. ജ്യോതിഷികളെ കണ്ടാൽ തന്നെ എന്താണ് കുഴപ്പമെന്നായിരുന്നു എ കെ ബാലന്റെ ചോദ്യം. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ലബന്ധമുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

'ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ എനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ ഞാൻ നിയമസഭയിൽ സംസാരിച്ചിരുന്നു. സിപിഐഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. ഞങ്ങളിപ്പോഴും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ്', എ കെ ബാലൻ പറഞ്ഞു.

Content Highlights: madhava pothuval on mv govindan's visit

dot image
To advertise here,contact us
dot image