
കൊച്ചി: കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനടി വികെഎം ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രാക്കിന് മുകളിലെ വാക്ക് വേയിലേക്ക് എമര്‍ജന്‍സി പാസ് വേയിലൂടെ നടന്നെത്തിയ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്.
ഇയാള്‍ വയഡക്ടിലേയ്ക്ക് കയറുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ഫയര്‍ ഫോഴ്‌സും പൊലീസുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മെട്രോ റെയിലിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുകയും മെട്രോ റെയിൽ സര്‍വീസ് ആലുവയില്‍ നിന്ന് കടവന്ത്ര വരെയാക്കി ചുരുക്കിയിരുന്നു. സംഭവത്തിന് ശേഷം നിലവില്‍ മെട്രോ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
Content Highlight; Youth Jumps Off Kochi Metro Viaduct