അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം; ഉത്തരവാദിയായ ഉദ്യോഗസ്ഥൻ സർവീസിലുണ്ടാവാൻ പാടില്ലെന്ന് ജി സുധാകരൻ

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ തോന്നിവാസമാണ് സംഭവിച്ചത്

dot image

പത്തനംതിട്ട: അത്തിക്കയത്തിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതില്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന അഭിപ്രായത്തില്‍ ഉറച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പന്ത്രണ്ട് വര്‍ഷത്തെ ശമ്പള കുടിശ്ശിക തുകയ്ക്കായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്നും സമീപിക്കാത്ത അധികാരികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടർ ടിവിയോടാണ് ജി സുധാകരന്‍റെ പ്രതികരണം.

ജി സുധാകരന്റെ വാക്കുകള്‍:

'വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ ഉത്തരവാദിത്തം കാണിച്ചില്ല. ഉദ്യോഗസ്ഥന്‍ ഭരണകൂടത്തിന്റെ ഭാഗമാണ്. കക്ഷി രാഷ്ട്രീയമായി ഇത് വ്യാഖ്യാനിക്കരുത്. സര്‍ക്കാരിന്റെ പണം നാടിന്റേതാണ്, ഭരിക്കുന്ന പാര്‍ട്ടിയുടേതല്ല. ഖജനാവില്‍ നിന്നും ശമ്പളം കൊടുത്ത് വളര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ പരിഹരിക്കേണ്ട കാര്യമാണിത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുടിശ്ശിക നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഇത് ചെയ്തില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ തോന്നിവാസമാണ് സംഭവിച്ചത്. ഏത് ഉദ്യോഗസ്ഥ തലത്തില്‍ ഈ പണം അനുവദിച്ച് കഴിഞ്ഞാല്‍, ഏത് ഉദ്യോഗസ്ഥനാണോ ബന്ധപ്പെട്ടവര്‍ക്ക് ഈ തുക വിതരണം ചെയ്യേണ്ടത് അയാള്‍ക്കെതിരെ നടപടിയുണ്ടാകണം. ഇത്തരക്കാര്‍ സര്‍വീസിലിരിക്കണ്ട. ആരുടെയും തലയില്‍ ഇതിന്റെ ഉത്തരവാദിത്തം കെട്ടി വയ്ക്കാന്‍ കഴിയില്ല. മാനേജ്‌മെന്റിന് അവരുടെതായ ഉത്തരവാദിത്തമുണ്ട്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം മാറിയിട്ടില്ല. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ 95 ശതമാനവും അഴിമതിയാണ്. ഒരു അധ്യാപകനെ നിയമിക്കണമെങ്കില്‍ 50 ലക്ഷമാണ് വാങ്ങുന്നത്. പ്ലസ്ടുവിന് ആണെങ്കില്‍ 75 ലക്ഷമാണ്. ഇതിനെതിരെ കര്‍ശന നടപടി വേണം'

എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായ മകന് ഫീസ് നല്‍കാനും ദൈന്യംദിന കാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ അധ്യാപികദുരിതമനുഭവിച്ചു. ഇത് സഹിക്കാന്‍ കഴിയാതെയാണ് അവരുടെ ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മാവേലിക്കര പാലം തകര്‍ന്ന വിഷയത്തിലും ജി സുധാരന്‍ പ്രതികരിച്ചു. ഒരു ഡിവിഷന്‍ മുഴുവന്‍ താഴെ വീണു എന്നത് നിര്‍മ്മാണത്തിലെ അപാകതയാണ്. പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷണം മാത്രം മതിയോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: G Sudhakaran alleges that govt officials are responsible for aided school teachers spouse death

dot image
To advertise here,contact us
dot image