യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ ഏറ്റുമുട്ടൽ: യൂണിറ്റിനെ നേരിട്ട് നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റി

ഇനിമുതൽ ജില്ലാ സെക്രട്ടറിക്കാണ് നേരിട്ട് ചുമതല

dot image

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് ജില്ലാ കമ്മിറ്റി. യൂണിറ്റിനെ നേരിട്ട് നിയന്ത്രിക്കാനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാളയം ഏരിയ കമ്മിറ്റിയിൽ നിന്ന് യൂണിറ്റിന്റെ ചുമതല എടുത്തുമാറ്റി. ഇനിമുതൽ ജില്ലാ സെക്രട്ടറിക്കാണ് നേരിട്ട് ചുമതല. വിവാദമുണ്ടായ പശ്ചാത്തലത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിടേണ്ടതില്ല എന്നാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

യൂണിറ്റിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാളയം, വഞ്ചിയൂർ ഏരിയ കമ്മിറ്റികൾ യൂണിറ്റ് പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടു. കോളേജ് യൂണിറ്റ് കമ്മിറ്റി തലവേദനയാണെന്ന് ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ യൂണിറ്റിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. യൂണിറ്റ് പിരിച്ചുവിടാൻ യോഗത്തിൽ ജില്ലാ നേതൃത്വം തീരുമാനമെടുത്തിരുന്നു. യൂണിറ്റ് സെക്രട്ടറി ഒഴികെ എല്ലാവർക്കുമെതിരെ നടപടിയെടുക്കാനും തീരുമാനമെടുത്തിരുന്നു. നിരന്തരം പ്രശ്‌നങ്ങളും സംഘർഷങ്ങളുമുണ്ടാക്കി സംഘടനയെ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിസന്ധിയിലാക്കുകയാണെന്നും വിമർശനമുയർന്നിരുന്നു. യൂണിവേഴ്‌സിറ്റി ഫെസ്റ്റുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും ക്രമക്കേട് ആരോപണമുയർന്നിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ ജില്ലാ നേതാവിന് മർദനമേറ്റിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. കോളേജ് വളപ്പിലായിരുന്നു സംഘർഷമുണ്ടായത്. തർക്കം പറഞ്ഞുതീർക്കാൻ എത്തിയ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാൻ ആറുമാസം മുൻപും ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് അതേ യൂണിറ്റ് കമ്മിറ്റിയെ എസ്എഫ്ഐ സജീവമാക്കുകയായിരുന്നു.

Content Highlights: SFI leaders clash at University College District committee to directly control the unit

dot image
To advertise here,contact us
dot image