
തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുർവേദി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാസിയ ഇക്ബാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ധടക് 2'. കതിർ, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാളിൻ്റെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമ. തമിഴിൽ വൻ വിജയം നേടിയ ചിത്രം ഹിന്ദിയിൽ എത്തിയപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ വെറും 11 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്.
ആദ്യ ദിനം 3.5 കോടി നേടിയ സിനിമ രണ്ടാം ദിനം 3.75 കോടി നേടി. മൂന്നാം ദിനത്തിൽ 4.25 കോടി നേടാനായെങ്കിലും സിനിമയുടെ കളക്ഷനിൽ കാര്യമായ വർധനവ് ഇല്ലെന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സൈയാരാ, മഹാവതാർ നരസിംഹ തുടങ്ങിയ സിനിമകളുടെ കുതിപ്പും ധടക് 2 വിന് വിനയാകുന്നുണ്ട്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ തൃപ്തി ദിമ്രിയുടെയും, സിദ്ധാന്ത് ചതുർവേദിയുടെയും പ്രകടനങ്ങൾക്ക് കയ്യടി ലഭിക്കുന്നുണ്ടെങ്കിലും സിനിമയുടെ അവതരണത്തിനും മേക്കിങ്ങിനും വിമർശനങ്ങൾ നേരിടുന്നുണ്ട്.
നേരത്തെ സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെയും വിമർശനങ്ങൾ ഉയർന്നിരുന്നു. തമിഴ് പതിപ്പിൽ നിന്നേറെ വ്യത്യാസമായി ഒരു കൊമേർഷ്യൽ ഫോർമാറ്റിൽ ആണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നതെന്നും ഇത് പരിയേറും പെരുമാൾ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കമന്റുകൾ വന്നിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, ക്ലൗഡ് 9 പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ്. 2018 ൽ പുറത്തുവന്ന 'ധടക്' എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് ഈ സിനിമ എത്തുന്നത്. 'സൈറാത്ത്' എന്ന മറാത്തി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ധടക് ഒന്നാം ഭാഗം.
Content Highlights: Dhadak 2 fails in collection, struggles at box office