'വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി'; പി കെ ഫിറോസിനെതിരെ കെ ടി ജലീൽ

കുന്നമംഗലം പൊലീസാണ് പി കെ ജുബൈറിനെ കസ്റ്റഡിയിലെടുത്തത്

dot image

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ രൂക്ഷവിമർശനവുമായി കെ ടി ജലീൽ. ഫിറോസിന്റെ സഹോദരൻ പി കെ ജുബൈർ മയക്കുമരുന്ന് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ വിമർശനം. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്നും സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തിൽ നിന്നും ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാത്ത യൂത്ത് ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാൻ എന്തർഹത എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരൻ!

പണം നേടാൻ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നവൻ്റെ സ്വന്തം സഹോദരൻ കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. വയനാട്ടിലെ ദുരിത ബാധിതർക്ക് പിരിച്ച പണത്തിൽ നിന്ന് പതിന്മടങ്ങ് വിലക്ക് ഭൂമി വാങ്ങി കമ്മീഷൻ അടിച്ചില്ലെങ്കിലേ അതിശയമുള്ളൂ.

യൂത്ത് ലീഗ് നേതാവ് പിന്നിൽ കൂടി അപമാനിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേര് കെ.ടി അദീപ്. ഐസ്ക്രീം പാർലർ കേസിൽ പണവും എം.ജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിയും കൊടുത്ത് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ, പണവും പദവിയും കിട്ടിയാൽ എന്തും ചെയ്യാൻ മടിയില്ലാത്ത ലോകായുക്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് നടത്തിയ കള്ളക്കളിക്ക് കാലം നൽകുന്ന ശിക്ഷയാണിതൊക്കെ.

കെ.ടി. അദീപ് ഇപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ "ബാങ്ക് ഓഫ് ബറോഡ"യുടെ സംസ്ഥാനത്തെ കോർപ്പറേറ്റ് വിഭാഗത്തിൻ്റെ ചീഫ് മാനേജരാണ്. അദീപ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ധരകാര്യ സ്ഥാപനത്തിൻ്റെ കൊച്ചിയിലെ ചീഫ് മാനേജരായപ്പോൾ അദീപിനെ അപമാനിച്ചവൻ്റെ സഹോദരൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ പോലീസിനെ അടിച്ചോടിക്കാൻ ശ്രമിച്ച കേസിൽ അഴിക്കുള്ളിലാണ്. പച്ചക്കൊടി പിടിക്കുന്നത് കൊണ്ട് ഇവർക്കൊക്കെ "അർശിൻ്റെ" തണൽ ഉറപ്പാണെന്ന് സമാധാനിക്കാം.

കുന്ദമംഗലം മേഖലയിൽ കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുടെ സഹോദരനാണെന്നാണ് നാട്ടിലെ സംസാരം. ലഹരിക്കെതിരെ ഇനി മേലിൽ യൂത്ത് ലീഗ് ക്യാമ്പയിൻ നടത്തുകയാണെങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് അതാരംഭിക്കാൻ ലീഗ്-യൂത്ത് ലീഗ് നേതൃത്വങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി! സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തിൽ നിന്നും ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാത്ത യൂത്ത്ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാൻ എന്തർഹത?

കൊടുത്താൽ കൊല്ലത്തും കിട്ടും മോനെ. യൂത്ത് ലീഗ് നേതാവിൻ്റെ ഒരു പ്രസ് മീറ്റ് ഉടൻ തന്നെ പ്രതീക്ഷിക്കാം. ലീഗ് സൈബർ ഗ്രൂപ്പുകൾ ജാഗരൂകരായിരിക്കുക. യൂത്ത് ലീഗ് നേതാവിൻ്റെ പത്രസമ്മേളനം കഴിഞ്ഞാൽ വൈകാതെ എൻ്റെ പത്രസമ്മേളനവും ഉണ്ടാകും. അതും കഴിഞ്ഞേ പിരിഞ്ഞു പോകാവൂ.

പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ പി കെ ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി. മയക്കുമരുന്ന് കേസില്‍ വില്‍പ്പനക്ക് പൊലീസ് അറസ്റ്റ് ചെയ്ത ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസിന്റേതാണ് മൊഴി.

റിയാസിന്റെ ഫോണില്‍ ബുജൈറിനെതിരെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. റിയാസും ബുജൈറും ലഹരി ഇടപാടുകള്‍ നടത്തിയെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും. വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി കെ ബുജൈര്‍. കുന്നമംഗലം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തത്.

Content Highlights: KT Jaleel against PK Firos on brothers drug case

dot image
To advertise here,contact us
dot image