ഷോർട്ട് ബോൾ പ്രതീക്ഷിച്ചു, കിട്ടിയത് പെർഫക്ട് യോർക്കർ! ക്രൗളിക്കായി സിറാജും ഗില്ലും ഒരുക്കിയ 'സൂപ്പർ കെണി'

ക്രൗളിയെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു

dot image

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനു മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സുണ്ട്. ഒന്‍പത് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 324 റണ്‍സ് കൂടി.

മൂന്നാം ദിനം ഓപ്പണര്‍ സാക് ക്രൗളിയെ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 36 പന്തില്‍ 14 റൺസെടുത്ത ക്രൗളിയെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ഇപ്പോൾ ക്രൗളിയുടെ കുറ്റിതെറിപ്പിച്ച സിറാജിന്റെ യോർക്കറും ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ മാസ്റ്റർ പ്ലാനുമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

14-ാം ഓവറിലെ അഞ്ചാം പന്തിലാണ് ക്രൗളി പുറത്താവുന്നത്. ഇതിനുമുന്‍പ് ഗില്ലും സിറാജും ചേര്‍ന്ന് ഒരു കെണിയൊരുക്കി. യശസ്വി ജയ്‌സ്വാളിനെ സ്‌ക്വയര്‍ ലെഗ് ഡീപ്പിലേക്ക് പ്ലേസ് ചെയ്തു. ഫീല്‍ഡില്‍ മാറ്റം വരുത്തിയത് കണ്ട ക്രൗളി ഒരു ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ചാണ് നിന്നത്.

ആക്രമിച്ചു കളിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് സ്‌ക്വയര്‍ ലെഗ് ഡീപ്പില്‍ ക്യാച്ചിനുള്ള സാധ്യത സൃഷ്ടിക്കുകയാണ് ഇന്ത്യയുടെ പദ്ധതിയെന്ന് ക്രോലി കരുതി. എന്നാല്‍ ക്രൗളിയെ ഞെട്ടിച്ച് സിറാജ് പെർഫക്ട് യോര്‍ക്കര്‍ എറിഞ്ഞു. ബൗൺസര്‍ പുള്‍ ചെയ്യാനായി ഹൈ ബാറ്റ് ലിഫ്റ്റില്‍ നിന്ന ക്രൗളിക്ക് സമയത്ത് ബാറ്റ് താഴ്ത്താന്‍ സാധിക്കുകയും ചെയ്തില്ല. ക്രൗളിയുടെ ഓഫ് സ്റ്റംപിളകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Shubman Gill's clever strategy helps Mohammed Siraj send Zak Crawley packing, Video

dot image
To advertise here,contact us
dot image