സല്യൂട്ട് ചതിച്ചാശാനേ…; യൂണിഫോമിട്ട് ട്രെയിനിൽ യാത്രചെയ്ത 'എസ്ഐ'യെ പൊക്കി റെയിൽവെ പൊലീസ്

പൊലീസാവുകയെന്ന തന്റെ സ്വപ്നത്തെക്കുറിച്ച് മുപ്പതുകാരൻ മനസ് തുറന്നു

dot image

ആലപ്പുഴ: പതിവ് പരിശോധനയ്ക്കായി എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസിൽ കയറിയതായിരുന്നു റെയിൽവെ പൊലീസ്. കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ഒരു കോച്ചിൽ പൊലീസ് യൂണിഫോമിലിരിക്കുന്ന ആളെക്കണ്ട് അവർ സല്യൂട്ട് കൊടുത്തു. തിരിച്ചും കിട്ടി സബ്ഇൻസ്‌പെക്ടർ വക ഒരു സല്യൂട്ട്. പക്ഷേ, 'ഇതിങ്ങനെയൊന്നുമല്ലെടാ..' എന്ന ഡയലോഗിനെ അന്വർത്ഥമാക്കും വിധമായിരുന്നു എസ്ഐയുടെ തിരിച്ചുള്ള സല്യൂട്ട്.

എസ്‌ഐയുടെ ചുമലിൽ നക്ഷത്രമുണ്ട്, നെയിംപ്ലേറ്റുണ്ട്, യൂണിഫോമിലെ എല്ലാം കിറുകൃത്യം, തൊപ്പിയുമുണ്ട്. എന്നാൽ പൊലീസുകാർക്ക് ചെറിയൊരു വശപ്പിശക് തോന്നി. പുലർച്ചെ യൂണിഫോമിട്ട് എങ്ങോട്ടാവും യാത്രയെന്ന് പൊലീസുകാർക്ക് സംശയമായി.

ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. പൊലീസാവുകയെന്ന തന്റെ സ്വപ്നത്തെക്കുറിച്ച് മുപ്പതുകാരൻ മനസ് തുറന്നു. യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നുവെന്നും എഴുതിയ പരീക്ഷകൾ തന്നെ തുണച്ചില്ലെന്നുമായിരുന്നു നെടുമങ്ങാട് സ്വദേശിയുടെ പരിഭവം. അപ്പോഴേക്കും പരീക്ഷയെഴുതാവുന്ന പ്രായവും കടന്നുപോയി.

അങ്ങനെയാണ് ജീവിതാഭിലാഷം നിറവേറ്റുകയെന്ന മോഹവുമായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച് യുവാവ് ട്രെയിൻ യാത്രയ്ക്കിറങ്ങിയത്. പക്ഷെ പിടിയിലാവുമെന്ന് കരുതിയതേയില്ല. യൂണിഫോം ധരിച്ച് വീട്ടിലെ മുറിയില്‍ പരേഡും നടത്തുമായിരുന്നുവെന്നും ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തിറങ്ങിയതെന്നും യുവാവ് വെളിപ്പെടുത്തി.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്‌ഐയാണ് താനെന്നായിരുന്നു യുവാവ് പറഞ്ഞത്. യൂണിഫോമിലെ പേരു നോക്കി പൊലീസുകാർ ഇരിങ്ങാലക്കുട സ്റ്റേഷനിൽ വിളിച്ചപ്പോൾ അങ്ങനെയൊരാളില്ലെന്ന് മറുപടി കിട്ടി.

Also Read:

ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോഴേക്കും യുവാവിനെ ഇറക്കി ആലപ്പുഴ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് യൂണിഫോം ദുരുപയോഗിച്ച കാരണത്താൽ കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Content Highlights: Man Arrested for Impersonating Police Uniform

dot image
To advertise here,contact us
dot image