നാല് വിക്കറ്റ്, ഒടുവില്‍ അവസാന പന്തില്‍ വിജയം കുറിച്ച ഫോർ; വിൻഡീസിന്റെ വിജയത്തിൽ ഹീറോയായി ഹോള്‍ഡർ

ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ‌ പാകിസ്താനെ പരാജയപ്പെടുത്തുമ്പോൾ വിൻഡീസിന്റെ ഹീറോയായ ഒരാളുണ്ട്

dot image

ഒടുവിൽ കാത്തുകാത്തൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. പാകിസ്താനെതിരായ രണ്ടാം ടി20യിൽ രണ്ട് വിക്കറ്റിന്റെ ത്രില്ലർ വിജയമാണ് വെസ്റ്റ് ഇൻഡീസ് പിടിച്ചെടുത്തത്. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് വിജയത്തിലെത്തി. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ‌ പാകിസ്താനെ പരാജയപ്പെടുത്തുമ്പോൾ വിൻഡീസിന്റെ ഹീറോയായ ഒരാളുണ്ട്, ജേസൺ‌ ഹോൾഡർ.

ഓള്‍ റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറുടെ മികവാണ് തുടര്‍ തോല്‍വികളില്‍ നിന്നു വിന്‍ഡീസിനെ ഒടുവില്‍ കര കയറ്റിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ജേസൺ‌ ഹോൾഡർ തിളങ്ങി. വിൻഡീസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ഹോൾഡറാണ് മറുപടി ബാറ്റിങ്ങിൽ ടീമിന് വിജയത്തിലേക്ക് നയിച്ചതും. അവസാന പന്തില്‍ വിന്‍ഡീസിന് വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമായിരുന്നു. ഷഹീന്‍ അഫ്രീദി എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡര്‍ ഫോറടിച്ചാണ് വിന്‍ഡീസിന് രണ്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.

അവസാന ഓവറില്‍ 6 പന്തില്‍ 8 റണ്‍സായിരുന്നു വിൻഡീസിന്റെ വിജയലക്ഷ്യം. ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ ഹോള്‍ഡര്‍ സിംഗിളെടുത്തു. രണ്ടാം പന്തില്‍ റൊമാരിയോ ഷെഫേര്‍ഡിനെ അഫ്രീദി മടക്കി. ശേഷിച്ച നാല് പന്തില്‍ വിൻഡീസിന് വിജയിക്കാൻ 7 റണ്‍സ് വേണമെന്നായി. മൂന്നാം പന്ത് നേരിട്ടത് ഷമര്‍ ജോസഫ്. താരം സിംഗിളെടുത്ത് ഹോള്‍ഡറിന് സ്‌ട്രൈക്ക് കൈമാറി. നാലാം പന്തില്‍ ഹോള്‍ഡറും അഞ്ചാം പന്തില്‍ ഷമറും സിംഗിളെടുത്തു. ഇതോടെ ലക്ഷ്യം 1 പന്തില്‍ നാല് റണ്‍സ്. ആറാമതായി എറിഞ്ഞ പന്ത് വൈഡായതോടെ ഒരു പന്ത് അധികം വിന്‍ഡീസിന് കിട്ടി. ലക്ഷ്യം മൂന്നായും മാറി. അവസാന പന്തില്‍ ഹോള്‍ഡര്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് വിന്‍ഡീസിനെ വിജയവര കടത്തി.

Content Highlights: Jason Holder's all-round heroics seal last-ball win for West Indies in 2nd T20I against Pakistan 

dot image
To advertise here,contact us
dot image