'ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണം'; എം വി ഗോവിന്ദൻ

ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു

dot image

കൊച്ചി: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർ‌ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് ദേശാഭിമാനി ദിനപത്രത്തിൻ്റെ എഡിറ്റ് പേജിൽ എഴുതുന്ന നേർ‌വഴി എന്ന പ്രതിവാര ലേഖനത്തിൽ എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയെയും ജോർജ് കുര്യനെയും ലേഖനത്തിൽ നിശിതമായി വിമർശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തു ചെയ്തുവെന്ന ചോദ്യമാണ് എം വി ​ഗോവിന്ദൻ ഉയ‍ർത്തിയിരിക്കുന്നത്.

മന്ത്രി ജോർജ്ജ് കുര്യനെതിരെ രൂക്ഷവിമർശനമാണ് ലേഖനത്തിൽ എം വി ഗോവിന്ദൻ ഉന്നയിച്ചിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കുകയെന്ന ദൗത്യത്തിന് മന്ത്രിപ്പണി ലഭിച്ച ജോർജ് കുര്യൻ പറഞ്ഞത് നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നാണെന്ന് ചൂണ്ടിക്കാണിച്ചാണ് എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏത് നിയമത്തെക്കുറിച്ചാണ് ജോർജ് കുര്യൻ പറയുന്നതെന്നും എം വി ​ഗോവിന്ദൻ ചോദിക്കുന്നുണ്ട്. 'ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവച്ചതാണോ കുര്യന് നിയമം. മൂന്ന് ആഭ്യന്തര ശത്രുക്കളെക്കുറിച്ചാണ് ഗോൾവാൾക്കർ വിചാരധാരയിൽ പറയുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഈ ആഭ്യന്തര ശത്രുക്കൾ. ഈ മൂന്നു വിഭാഗങ്ങളുമുള്ള, സംഘപരിവാർ ശക്തികൾക്ക് ഇനിയും തകർക്കാൻ കഴിയാത്ത കോട്ടയാണ് കേരളമെന്നും ഇതേ ഗോൾവാൾക്കർ പറഞ്ഞുവച്ചിട്ടുണ്ട്. ആ കോട്ട തകർക്കാൻ നിയോഗിക്കപ്പെട്ട മന്ത്രി ഇതിലപ്പുറം എന്ത് പറയുമെന്നും' ലേഖനത്തിൽ എം വി ​ഗോവിന്ദൻ വിമർശിക്കുന്നുണ്ട്.

വർഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാൻ മടിക്കാത്ത ശക്തികളാണ് സിസ്റ്റർമാരെയും തുറുങ്കിൽ അടച്ചിരിക്കുന്നതെന്നും ലേഖനത്തിൽ എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തുന്നുണ്ട്. 'ഗ്രഹാംസ്റ്റെയിൻസിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നവരാണിവർ. സ്റ്റാൻ സ്വാമിയെ ഒരിറക്ക് വെള്ളംപോലും നൽകാതെ ജയിലറയിലിട്ട് കൊന്നവരാണിവർ. ഗുജറാത്തിലെ ദാംഗ്‌സിലും ഒഡിഷയിലെ കന്ദമലിലും ക്രൈസ്‌തവരെ വേട്ടയാടുകയും പള്ളികൾ തകർക്കുകയും കത്തിക്കുകയും ചെയ്തതും ഇവർതന്നെ. അവരാണിപ്പോൾ അരമന കയറിയിറങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ സേക്രട്ട് ഹാർട്ട് പള്ളി സന്ദർശിക്കുകയും മരം നടുകയും ചെയ്തു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡയും ഇതേ പള്ളി സന്ദർശിച്ചു. എന്നാൽ, തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ അവർ തനിനിറം പുറത്തെടുത്തു'വെന്ന രൂക്ഷവിമ‍ർ‌ശനം ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്.

ഛത്തീസ്​ഗഡിൽ ഭരണഘടന നൽകുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവുമാണ് കാറ്റിൽ പറത്തപ്പെട്ടതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തുന്നുണ്ട്. ബൃന്ദ കാരാട്ട് പറഞ്ഞതുപോലെ ഛത്തീസ്ഗഡിൽ ക്രൈസ്ത‌വർക്ക് നേരെയുള്ള ആക്രമണം ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും നേരെയുള്ള ആക്രമണമാണ്. ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവർ അതിന്റെ ഉള്ളടക്കത്തെ തകർക്കാനുള്ള ബോധപൂർവമായ പരിശ്രമത്തിലാണ്. ഛത്തീസ്‌ഗഡിലെ സിസ്റ്റർമാരുടെ അറസ്റ്റും വേട്ടയാടലും സാധാരണ പ്രശ്‌നമല്ല, മറിച്ച് ഭരണഘടനയെത്തന്നെ തകർക്കുന്ന വിഷയമാണ്. മതനിരപേക്ഷത, ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങൾ സംരക്ഷിക്കാൻ വലിയ പോരാട്ടം തന്നെ വേണ്ടിവരുമെന്ന സന്ദേശമാണ് ഛത്തീസ്ഗഡിൽനിന്ന് ഉയരുന്നത്. അതിനായി രംഗത്തിറങ്ങാൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ വാദികളും തയ്യാറാകണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് എം വി ​ഗോവിന്ദൻ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

M V Govindan strongly criticizes BJP over arrest of Malayali nuns in Chhattisgarh

dot image
To advertise here,contact us
dot image