
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീർശെൽവം എന്‍ഡിഎ വിട്ടു. മുന്നണിയില്‍ ഒപിഎസ് പക്ഷം ഒറ്റപ്പെടുന്നുവെന്ന് തോന്നലാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. എഐഡിഎഡിഎംകെ കേഡര്‍ റൈറ്റസ് റിട്രീവല്‍ കമ്മിറ്റി എന്നായിരുന്നു പനീര്‍ശെല്‍വം നയിച്ചിരുന്ന വിഭാഗം അറിയപ്പെട്ടിരുന്നത്. ഈ വിഭാഗമാണ് ഇപ്പോള്‍ എന്‍ഡിഎ പക്ഷം വിട്ടിരിക്കുന്നത്.
ഇ പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ പക്ഷം തിരികെ എത്തുന്നതിന് പിന്നാലെ താന്‍ സഖ്യത്തില്‍ തഴയപ്പെടുകയാണെന്ന തോന്നല്‍ പനീർശെൽവത്തിന് ശക്തിപ്പെട്ടിരുന്നു. ഇത് തന്നെയാണ് നിയസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് തന്നെയുള്ള ഒപിഎസ് പക്ഷത്തിൻ്റെ പിന്മാറ്റത്തിനും കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ന് രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രഭാത നടത്തത്തിന് പനീര്‍ശെല്‍വം പോയിരുന്നു. പിന്നാലെയായിരുന്നു എന്‍ഡിഎയില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. ഇത് ഡിഎംകെക്ക് ഒപ്പം കൈക്കോര്‍ക്കാനുള്ള നീക്കമാണോ എന്ന് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിജയുടെ ടിവികെക്കൊപ്പം ഒപിഎസ് പക്ഷം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സമയമാകുമ്പോള്‍ എല്ലാം അറിയുമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ മറുപടി.
രണ്ട് ദിവസത്തിന് മുന്‍പ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയപ്പോഴും പനീര്‍ശെല്‍വം കാണാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ലഭിച്ചിരുന്നില്ല. സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുന്നതിനെതിരെയും പനീര്‍ശെല്‍വം വിമര്‍ശനമുയര്‍ത്തിയിരുന്നു. പിന്നാലെ സഖ്യം വിടാന്‍ പോകുന്നുവെന്ന പ്രചാരം ശക്തിപ്പെട്ടിരുന്നു.
Content Highlights- Former Tamil Nadu Chief Minister O Panneerselvam leaves NDA; Will he side with Stalin or Vijay?