
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചന സമ്മേളനം നടത്താന്‍ സിപിഐഎം. നാളെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിറോ മലങ്കര സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോട് ക്ലിമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മെത്രാപൊലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സാന്നിധ്യമാകും.
ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു വി എസ് അച്യുതാനന്ദന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ അടക്കം സഹായത്തോടെ വി എസിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ശക്തമായ പരിശ്രമം നടന്നിരുന്നു. എന്നാല്‍ ജൂലൈ 21ന് വൈകിട്ട് 3.20 ഓടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറ്റി. ഇവിടെ നിന്ന് വി എസിന്റെ ഭൗതിക ശരീരവുമായി ആലപ്പുഴയിലെ പുന്നപ്രയിലെ വസതിയിലേക്ക് 22 ന് ആരംഭിച്ച വിലാപയാത്ര പിറ്റേദിവസം പുലര്‍ച്ചെയാണ് അവിടെ എത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ വിലാപയാത്രത്തിയില്‍ അണിനിരന്നു. 23ന് വൈകിട്ട് ഒന്‍പത് മണിയോടെ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ വി എസിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.
Content Highlights- Cpim will conduct meeting for condolences former chief minister v s achuthanandan tomorrow in Thiruvananthapuram