
ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ ചിത്രമായ 'കാന്ത'യിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് വീണ്ടും തരംഗമാകുന്നു. ആദ്യ ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ imdb-യുടെ 'ടോപ്പ് മോസ്റ്റ് ആന്റിസിപ്പേറ്റഡ് ന്യൂ ഇന്ത്യൻ മൂവീസ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. സിനിമ ആഗോളതലത്തില്‍ നേടിയെടുത്ത പ്രേക്ഷകശ്രദ്ധയുടെ തെളിവായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
'ആദ്യ ടീസറിനുള്ള പ്രതികരണം അതിശയിപ്പിക്കുന്നതാണ്! IMDB-യുടെ റിയല്‍ ടൈം റാങ്കിങ്ങില്‍ കാന്ത ഇടം നേടിയിരിക്കുന്നു.'' അദ്ദേഹം കുറിച്ചു. ഈ അംഗീകാരത്തോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി 'കാന്ത' മാറിയെന്ന് വ്യക്തമാക്കുന്നു.
ആ നേട്ടത്തോടൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്റർ ദുല്‍ഖര്‍ പുറത്തുവിട്ടു. 1950-കളിലെ മദ്രാസിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഒരു കാലഘട്ടത്തെയും അതിന്റെ വികാരങ്ങളെയും ശക്തമായി അവതരിപ്പിക്കുമെന്നാണ് സൂചന. 'സ്പിരിറ്റ് മീഡിയ'യുടെയും
'വെഫെറര്‍ ഫിലിംസിന്റെയും സംയുക്ത നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 2025 സെപ്റ്റംബർ 12-ന് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സമുദ്രഖനി, ഭാഗ്യശ്രീ ബോർസെ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട്, 'കാന്ത' ഒരു ബ്ലോക്ക്ബസ്റ്റർ വിജയമാകാനുള്ള സാധ്യതകൾ ഏറെയാണ്.
റിലീസിന് മുമ്പ് തന്നെ ഇത്രയധികം ശ്രദ്ധ നേടിയ ചിത്രം, ദുൽഖർ സൽമാന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ വിലയിരുത്തുന്നത്. ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
content highlights: Dulquer's Kaantha ranked in IMDB"s most anticipated Indian movies