
അമ്മ തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ. ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ മുഖം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും, അതിനാലാണ് താനീ വിഷയത്തിൽ 'ഈ നാട്ടുകാരനേയല്ല' എന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷമ്മി തിലകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെയും വിവാദങ്ങളെയും വിമർശിച്ചുകൊണ്ടായിരുന്നു ഷമ്മി തിലകന്റെ സർക്കാസ്റ്റിക് പോസ്റ്റ്.
കർമ്മം ബൂമറാങ് പോലെയാണെന്നും, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകൻ തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. നിഷകളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകുമെന്ന ഓർമപ്പെടുത്തൽ കൂടി ഉൾപ്പെടുത്തിയാണ് ഷമ്മി തിലകൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം, മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.
അതേസമയം, സംഘടനയിൽ വലിയ പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം ആരോപണങ്ങളും വിമർശനവും ഉന്നയിക്കുകയാണ് പലരും. ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്നവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന് പലരും പറഞ്ഞപ്പോൾ, ആരോപണത്തിന്റെ പേരിൽ മാത്രം പിന്മാറേണ്ടതില്ല എന്നാണ് മറ്റ് ചിലരുടെ വാദം. ഈ തർക്കം ശക്തമായതിന് പിന്നാലെ നടൻ ബാബുരാജ് ആദ്യം മത്സരരംഗത്ത് നിന്നും പിന്നീട് എ.എം.എം.എയിൽ നിന്നും പൂർണമായും പിന്മാറിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് A.M.M.A നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
Content Highlight; Shammi Thilakan Responds to AMMA Election