
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുന്നു. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടാകുന്നത്.
എല്ലാത്തരത്തിലുള്ള നിയമപോരാട്ടങ്ങൾക്കും ഒരുങ്ങിയിരിക്കുക തന്നെയാണ് തങ്ങളെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ രാജ്‌കുമാർ തിവാരി റിപ്പോർട്ടറിനോട് പറഞ്ഞു. സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ സാധിക്കില്ല എന്നിരിക്കെ എങ്ങനെയാണ് കീഴ്കോടതി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്‌തത് എന്ന് രാജ്‌കുമാർ തിവാരി ചോദിച്ചു. ഈ റിമാൻഡ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌കുമാർ തിവാരി കോടതിയെ സമീപിച്ചിട്ടുണ്ട്.
സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി യുഡിഎഫ്, ഇടത് എംപിമാരും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡില്‍ എത്തിയിരുന്നു. യുഡിഎഫ് എംപിമാരും ബിജെപി പ്രതിനിധിയും ഇന്നലെയും ഇടത് എംപിമാര്‍ ഇന്നുമായി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി തേടി ഇടത് എംപിമാര്‍ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് നിവേദനം നല്‍കി. വിമാനത്തില്‍വെച്ചാണ് നിവേദനം നല്‍കിയത്. കന്യാസ്ത്രീകള്‍ക്ക് നീതി തേടി സിബിസിഐയുടെ നേതൃത്വത്തിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്.
Content Highlights: Malayali nuns to approach chhattisgarh highcourt today for bail