
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വി എസ് പഠിച്ച ആലപ്പുഴ പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നാണ് ജി സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് ജി സുധാകരന്‍ കത്തയച്ചു.
വി എസ് പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് മതിപ്പുളവാക്കുന്ന നടപടിയായിരിക്കുമെന്ന് ജി സുധാകരന്‍ പറയുന്നു. വി എസിന്റെ ഭവനത്തിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡിന് തെക്കും വടക്കുമായാണ് ഹൈസ്‌കൂള്‍ വിഭാഗവും ഹയര്‍സെക്കന്‍ഡറി വിഭാഗവും സ്ഥിതി ചെയ്യുന്നത്. രണ്ടിനും വി എസിന്റെ പേര് നല്‍കുന്നത് നന്നായിരിക്കുമെന്നും ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് വി എസ് അച്യുതാനന്ദന്‍ മരണപ്പടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23നായിരുന്നു വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായമടക്കം നല്‍കി വി എസിനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാന്‍ പരിശ്രമം നടന്നുവെങ്കിലും ജൂലൈ 21ന് വൈകിട്ട് 3.20 ഓടെ മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ വസതിയിലേക്ക് വി എസിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. ജൂലൈ 23ന് പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊണ്ടുള്ള വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
Content Highlights- G Sudhakaran wrote letter to minister v sivankutty for change name of paravoor school