
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായി വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്താണെന്ന് തങ്ങള്‍ ആരും പുറത്തു പറയാറില്ല. പാര്‍ട്ടിയുടെ അന്തസ്സിന് ചേരുന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. എന്നാല്‍ വിഎസിനെ വിശേഷിപ്പിച്ച വാക്ക് സമ്മേളനത്തില്‍ തങ്ങള്‍ എവിടെയും കേട്ടിട്ടില്ലെന്നും എ കെ ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വി എസ് മൗലികത ഉള്ള വ്യക്തിയായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. ഇണങ്ങിയും പിണങ്ങിയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് രൂപം നല്‍കിയ വ്യക്തിയാണ് വി എസ്. തെറ്റായ വഴിയിലേക്ക് നീങ്ങുമ്പോള്‍ ശരിയായ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ഇടപെടല്‍ നടത്തി. വീഴ്ച സംഭവിച്ചാല്‍ തിരുത്താനും തയ്യാറായി. വി എസിനെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടന്നു. ആ ആരോപണങ്ങള്‍ക്ക് ഇന്നും കുറവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
ജീവിച്ചിരിക്കുന്ന സമയത്ത് വി എസിനെ ഉപയോഗിച്ച് ലാഭം ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിലര്‍ നോക്കിയെന്നും എ കെ ബാലന്‍ ആരോപിച്ചു. അതിന് വി എസ് തന്നെ അന്ന് ചുട്ടമറുപടി നല്‍കിയെന്നും എ കെ ബാലന്‍ പറഞ്ഞു. വിപ്ലവകാരികളായ സഖാക്കളെ മര്യാദയ്ക്ക് ജീവിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും നശിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ എന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ ലേഖനമാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വി എസിന്റെ മരണത്തിന് പിന്നാലെ മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലായിരുന്നു സുരേഷ് കുറുപ്പ് വി എസിനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആരോപണം ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് ഒരു കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പ് പറഞ്ഞത്. ആ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങിയെന്നും സുരേഷ് കുറുപ്പ് പറഞ്ഞിരുന്നു. ഇതിനെ തള്ളി ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്നും ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാര്‍ട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം വ്യക്തമാക്കിയിരുന്നു.
Content Highlights- A K Balan reject allegation against v s achuthanandan by Suresh kurup on his article