കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം; മതത്തിൽ വിശ്വസിക്കുകയെന്നത് ആരുടെയും ഔദാര്യമല്ലെന്ന് മാർ റാഫേൽ തട്ടിൽ

'സഭാ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു'

dot image

തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ബ്രിട്ടീഷുകാരുടെ അടിമത്തത്തെക്കാൾ വലിയ അടിമത്തം. ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മതത്തിൽ വിശ്വസിക്കുകയെന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് മൗലിക അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ആരെയും നിർബന്ധിച്ച് മതം മാറ്റുന്നില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ടാകണമെന്നും റാഫേൽ തട്ടിൽ പറഞ്ഞു.

കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് കെസിബിസി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും രം​ഗത്തെത്തിയിരുന്നു . ഛത്തീസ്ഗഡിൽ നടന്ന സംഭവത്തിൽ സഭക്ക് പ്രതിഷേധവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിനി വേഷത്തിൽ രണ്ട് സഹോദരിമാരെ പിടികൂടിയ സംഭവത്തിൽ നേരിട്ടത് വലിയ അപമാനം. ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

Content Highlights: Raphael Thattil About Malayali Nuns Arrest At Chhattisgarh

dot image
To advertise here,contact us
dot image